| Wednesday, 24th January 2024, 12:30 pm

ടെസ്റ്റില്‍ പൂജാരക്ക് നിരാശ; അരങ്ങേറ്റത്തിനൊരുങ്ങി ആര്‍.സി.ബി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി വ്യക്തിപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുമെന്ന് അറിയിച്ചിരുന്നു. വിരാടിന്റെ പകരക്കാരനെ പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു ബി.സി.സി.ഐ പറഞ്ഞത്. ഇപ്പോള്‍ കോഹ്‌ലിയുടെ പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബോര്‍ഡ്.

റോയല്‍ ചലഞ്ചേഴ്‌സ് താരം രജത് പാടിദാറിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കാണ് പാടിദാറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ട് ലയണ്‍സ് – ഇന്ത്യ എ മത്സരത്തില്‍ പാടിദാര്‍ സെഞ്ച്വറി നേടിയിരുന്നു. 141 പന്ത് നേരിട്ട് 111 റണ്‍സാണ് പാടിദാര്‍ നേടിയത്. മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോററും പാടിദാര്‍ തന്നെയായിരുന്നു.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അവസാനത്തെ മൂന്ന് ടെസ്റ്റില്‍ രജത് രണ്ട് സെഞ്ച്വറിയാണ് നേടിയത്. ആദ്യ ഇന്നിങ്‌സിലെ നാലാം ദിനം 151 റണ്‍സിന്റെ നിര്‍ണായക പ്രകടനമാണ് താരം ഇന്ത്യ എ ടീമിന് നല്‍കിയത്. പരിക്കിനെ തുടര്‍ന്ന് താരം എട്ട് മാസം മാറി നിന്നിട്ടും മികച്ച തിരിച്ച് വരവ് നടത്താന്‍ താരത്തിന് കഴിഞ്ഞു.

താരത്തിന്റെ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ രജത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനാണ് ഇപ്പോള്‍ കളമൊരുങ്ങുന്നത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 55 മത്സരത്തിലെ 93 ഇന്നിങ്സില്‍ നിന്നും 4,000 റണ്‍സാണ് താരം നേടിയത്. 45.97 എന്ന ശരാശരിയിലും 53.48 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്യുന്നത്.

12 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയുമാണ് ഫസ്റ്റ് ക്ലാസില്‍ പാടിദറിന്റെ സമ്പാദ്യം. 196 ആണ് ഫസ്റ്റ് ക്ലാസിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഏകദിനത്തില്‍ താരം ഒരു മത്സരത്തില്‍ നിന്നും 22 റണ്‍സ് നേടിയപ്പോള്‍ ഐ.പി.എല്ലില്‍ 12 മത്സരങ്ങളില്‍ നിന്ന് 404 റണ്‍സാണ് താരം നേടിയത്. 112* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരിന് വേണ്ടിയാണ് താരം കളിക്കുന്നത്.

എന്നാല്‍ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചേതേശ്വര്‍ പൂജാരയുടെ സാധ്യത ഇതോടെ മങ്ങിയിരിക്കുകയാണ്.

Content Highlight: Rajat Patidar replaced Virat Kohli in Test Against England

We use cookies to give you the best possible experience. Learn more