മെഡിക്കല്‍ പ്രവേശനത്തിലെ മുന്നാക്ക സംവരണം; സര്‍ക്കാര്‍ തിരുത്തുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള മുന്നാക്ക സംവരണത്തിന് അധിക സീറ്റ് നല്‍കിയ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു.
ഇതര സംവരണ വിഭാഗങ്ങള്‍ക്ക് സീറ്റ് നിശ്ചയിച്ച രീതിയില്‍ തന്നെ മുന്നാക്ക സംവരണ സീറ്റും നിശ്ചയിക്കാന്‍ തീരുമാനമായതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനറല്‍ കാറ്റഗറിയില്‍ നിന്ന് 10 ശതമാനം വരെ സീറ്റ് മുന്നാക്ക സംവരണത്തിന് നീക്കിവെക്കാമെന്ന ഉത്തരവ് അവഗണിച്ച് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച നടപടിയാണ് സര്‍ക്കാര്‍ തിരുത്തുന്നത്.
10 ശതമാനം സംവരണം പരിഗണിക്കാതെ 130 എം.ബി.ബി.എസ് സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം മുന്നാക്കസംവരണത്തിന് വിട്ടുനല്‍കിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. അതേസമയം 10 ശതമാനം സംവരണമുള്ള എസ്.സി, എസ്.ടി വിഭാഗത്തിന് 105 സീറ്റായിരുന്നു നല്‍കിയത്. ഈ വര്‍ഷവും ഇതേരീതിയില്‍ തന്നെയാണ് സീറ്റുകള്‍ നീക്കിവെച്ചിരുന്നത്.
ഈ നീക്കം പിന്‍വലിക്കുന്നതോടെ കഴിഞ്ഞ വര്‍ഷം മുന്നാക്ക സംവരണത്തിനായി അനുവദിച്ച 130 സീറ്റില്‍ ഇത്തവണ ചുരുങ്ങിയത് 25 സീറ്റെങ്കിലും കുറയും.
പുതുക്കിയ സീറ്റ് വിഹിതം സംബന്ധിച്ച നിര്‍ദ്ദേശം വിദ്യാഭ്യാസ ഡയരക്ടറേറ്റ് സമര്‍പ്പിക്കുന്നതോടെ ഇത് ഉത്തരവായി ആരോഗ്യവകുപ്പ് പ്രവേശന പരീക്ഷ കമ്മീഷണര്‍ക്ക് നല്‍കും. ഇതുപ്രകാരമായിരിക്കും ഒന്നാം ഘട്ട മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളുടെ ആദ്യ അലോട്ട്‌മെന്റ് .