ഗസ: ജെറുസലേമില്‍ ലൈബ്രറി നടത്തിവന്നിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഇസ്രഈല്‍. മഹ്‌മൂദ് മൗനയും അഹമ്മദ് മൗനയുമാണ് അറസ്റ്റിലായത്. പുസ്തകങ്ങള്‍ വിറ്റ് ഇരുവരും പൊതുസമാധാനം തകര്‍ത്തെന്ന് ആരോപിച്ചാണ് ഇസ്രഈല്‍ പൊലീസിന്റെ നടപടി.
ജെറുസലേമിലെ സലാഹ് അല്‍-ദിന്‍ സ്ട്രീറ്റില്‍ രണ്ട് ശാഖകളായാണ് ഇവര്‍ ലൈബ്രറി നടത്തിയിരുന്നത്. സയന്റിഫിക് ലൈബ്രറിയുടെ ഉടമകളായിരുന്നു ഇരുവരും. ഇവിടെ ഇസ്രഈല്‍ പൊലീസ് അതിക്രമിച്ചെത്തി റെയ്ഡ് നടത്തുകയായിരുന്നു.
സ്റ്റോക്കുകള്‍ പരിശോധിക്കാന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്. ഫലസ്തീന്‍ ചരിത്രങ്ങള്‍ പറയുന്ന പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ വസ്തുതകള്‍, ജെറുസലേമിന്റെ ചരിത്രങ്ങള്‍ ഉള്‍പ്പെടെ അടങ്ങുന്ന പുസ്തകങ്ങളും ലൈബ്രറിയില്‍ ഉണ്ടായിരുന്നു.
ബാങ്ക്‌സിയുടെ വാള്‍ ആന്‍ഡ് പീസ്, നോം ചോംസ്‌കിയും ഇലന്‍ പാപ്പെയും ചേര്‍ന്ന് രചിച്ച ഗസ ഇന്‍ ക്രൈസിസ് എന്നീ പുസ്തകങ്ങളും ലൈബ്രറിയില്‍ ഉണ്ടായിരുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അറബ്, ഇംഗ്ലീഷ് ഭാഷകളിലുള്ള പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇസ്രഈല്‍ പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ മാന്വഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. തിങ്കളാഴ്ച ലൈബ്രറി ഉടമകളെ ജെറുസലേമിലെ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റിലായവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് നിരവധി ആളുകള്‍ കോടതിവളപ്പില്‍ തടിച്ചുകൂടി.
‘സെന്‍സര്‍ഷിപ്പ് വേണ്ട, പുസ്തക നിരോധനവും വേണ്ട’ എന്നെഴുതിയ ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ കോടതിയില്‍ എത്തിയത്. ഇരുവരെയും ഉടന്‍ മോചിപ്പിക്കണമെന്നും ഫലസ്തീന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും അവകാശ സംഘടനായ ബി സെലം ആവശ്യപ്പെട്ടു.
കഴിഞ്ഞാഴ്ച ഖാന്‍ അല്‍-സീത് മാര്‍ക്കറ്റിലെ ജെറുസലേം ലൈബ്രറി ഇസ്രഈല്‍ സൈന്യം നേരിട്ടെത്തി അടപ്പിച്ചിരുന്നു. ലൈബ്രറിയുടെ ഉടമയായ ഹിഷാം അല്‍-അക്രമാവിയെ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രകോപനപരമായ പുസ്തകങ്ങള്‍ വിറ്റ് പൊതുക്രമം തകര്‍ത്തുവെന്ന കുറ്റമാണ് ലൈബ്രറി ഉടമകള്‍ക്കെതിരെ സൈന്യം ചുമത്തുന്നത്.
2024ല്‍ ജെറുസലേമിലെ ഹീബ്രു സര്‍വകലാശാലയില്‍ നിയമ പ്രൊഫസറായിരുന്നു നദീര ഷാല്‍ഹൂബ് കെവോര്‍ക്കിയനെയും ഇസ്രഈല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ ഇസ്രഈലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഐ.ഡി.എഫിന്റെ ഉള്‍പ്പെടെ കസ്റ്റഡിയിലുണ്ട്.
Content Highlight: Accused of breaking public order by selling the book; Jerusalem library owners in Israeli custody