ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസില്‍ സി.സി.ടി.വി ക്യാമറകള്‍ സ്വിച്ച് ഓഫ് ചെയ്തു: സുപ്രിയ സുലെ
India
ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസില്‍ സി.സി.ടി.വി ക്യാമറകള്‍ സ്വിച്ച് ഓഫ് ചെയ്തു: സുപ്രിയ സുലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2024, 6:06 pm

മുംബൈ: മഹാരാഷ്ട്രയിലെ വോട്ടിങ്‌മെഷീനുകള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലെ സി.സി.ടി.വി ക്യാമറകള്‍ 45 മിനിറ്റോളം സ്വിച്ച് ഓഫ് ചെയ്തതായി ആരോപണം. എന്‍.സി.പി (എസ്.പി) നേതാവ് സുപ്രിയ സുലെയാണ് ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്തെ ബാരാമതിയിലെ വെയര്‍ഹൗസിലാണ് സംഭവം.

വോട്ടെടുപ്പിന് ശേഷം ഇ.വി.എമ്മുകള്‍ സൂക്ഷിച്ച ഗോഡൗണിലെ സുരക്ഷാ ക്യാമറകള്‍ 45 മിനിറ്റ് നേരത്തേക്ക് സ്വിച്ച് ഓഫ് ചെയ്തതായി സുപ്രിയ സുലെ എക്‌സില്‍ പറഞ്ഞത്.

‘വളരെ സംശയാസ്പദമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്ന് വന്ന വലിയ വീഴ്ചയാണ്,’ സുപ്രിയ സുലൈ പറഞ്ഞു. എന്‍.സി.പിയിലെ തെരെഞ്ഞെടുപ്പ് പ്രതിനിധികള്‍ ബന്ധപ്പെട്ട അധികാരികളുമായും ഭരണകൂടവുമായും ബന്ധപ്പെട്ടപ്പോള്‍ തൃപ്തികരമായ ഉത്തരങ്ങളൊന്നും ലഭിച്ചില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അവിടെ സൂക്ഷിച്ചിരിക്കുന്ന ഇ.വി.എമ്മുകളുടെ അവസ്ഥ പരിശോധിക്കാന്‍ തന്റെ പാര്‍ട്ടി പ്രതിനിധികളെ അനുവദിക്കുന്നില്ലെന്നും സുപ്രിയ സുലെ ആരോപിച്ചു.

‘സി.സി.ടി.വികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഞങ്ങളോട് പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച 45 മിനിറ്റോളം സിസിടിവികള്‍ ഓഫാക്കിയതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. പൊലീസിനോട് പരാതിപെട്ടിട്ടും കാര്യമുണ്ടായില്ല. ഞങ്ങള്‍ ബാരാമതിയിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കും,’ എന്‍.സി.പി നേതാവ് ലക്ഷ്മികാന്ത് ഖബിയ പറഞ്ഞു.

എന്നാല്‍ രാവിലെ പരിസരത്ത് ചില ഇലക്ട്രിക്കല്‍ ജോലികള്‍ക്കിടെ ക്യാമറകളുടെ കേബിള്‍ കുറച്ച് സമയത്തേക്ക് നീക്കം ചെയ്യേണ്ടി വന്നിരുന്നു. വിവാദത്തിന് കാരണം അതാണെന്നാണ് തിരഞ്ഞെടുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.

Content Highlight: CCTVs turned off for 45 mins’: NCP(SP) alleges wrongdoing at warehouse storing Baramati EVMs