| Monday, 12th September 2022, 10:00 am

വിദ്യാര്‍ത്ഥിക്ക് നേരെ കുതിച്ച് ചാടി തെരുവ് നായ; കോഴിക്കോട്ടെ തെരുവ് നായയുടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അരക്കിണറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്.

സൈക്കിളില്‍ വീടിന്റെ ഗേറ്റിന് സമീപം നില്‍ക്കുന്ന നൂറാസിന് നേരെ തെരുവ് നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് നഗരത്തിലെ ബേപ്പൂര്‍ അരക്കിണറില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്‌കൂളിന് സമീപം വെച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റത്.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്ലാസ് വിദ്യാര്‍ത്ഥി വൈഗ എന്നീ കുട്ടികള്‍ക്കാണ് കടിയേറ്റത്. നൂറാസിന്റെ കൈയിലും കാലിലും ആഴത്തില്‍ കടിയേറ്റു. വൈഗയുടെ തുടയുടെ പിന്‍ഭാഗത്താണ് ആഴത്തില്‍ കടിയേറ്റത്.

ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയാണ് 44 കാരനായ ഷാജുദ്ദീന് കടിയേറ്റത്. ഗോവിന്ദപുരം സ്‌കൂള്‍ മൈതാനത്തും പരിസരങ്ങളിലും തെരുവ് നായകളുടെ വിളയാട്ടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോഴിക്കോട് വിലങ്ങാടും ഇന്നലെ തെരുവുനായയുടെ ആക്രമണത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനോടൊപ്പം കടയില്‍ പോയി മടങ്ങിവരുന്ന വഴിയായിരുന്നു തെരുവ് നായ ആക്രമിച്ചത്. തുടയില്‍ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ നല്‍കി.

കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെ ഇന്നലെ തെരുവ് നായ കടിച്ചു. ഉമ്മന്നൂര്‍ പഞ്ചായത്തിലെ നെല്ലിക്കുന്നം വാര്‍ഡ് മെമ്പറായ ആര്‍. ശ്രീജിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് നടക്കുന്നത്.

യോഗത്തില്‍ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ പങ്കെടുക്കും. പേവിഷ പ്രതിരോധ കര്‍മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. തെരുവ് നായ വന്ധ്യംകരണം, വാക്സിനേഷന്‍ എന്നിവയില്‍ പ്രഖ്യാപിച്ച കര്‍മപദ്ധതി ഇന്ന് അവലോകനം ചെയ്യും.

തെരുവ് നായ ശല്യത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം. ബി. രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് വന്നതിനാലാണ് വന്ധ്യംകരണം തടസപ്പെട്ടിരിക്കുന്നത്, അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlight: CCTV Visuals of Stray Dog Attack in Kozhikode

We use cookies to give you the best possible experience. Learn more