| Tuesday, 28th January 2020, 8:51 am

'സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കല്‍'; ജെ.എന്‍.യു അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന ദല്‍ഹിപൊലീസിന്റെ വാദം തള്ളി ജെ.എന്‍.യു അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനുവരി അഞ്ചിന് ദല്‍ഹി ജെ.എന്‍.യു ക്യാമ്പസില്‍ നടന്ന ആക്രമണത്തിലെ പ്രതികളെ തിരിച്ചറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ല എന്ന ദല്‍ഹി പൊലീസിന്റെ വാദത്തിനു പിന്നാലെ ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കലാണെന്ന് ജെ..എന്‍.യു അധികൃതര്‍.

സി.സി.ടി.വി ദൃശ്യങ്ങളുടെ കോപ്പി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ സമര്‍പ്പിച്ച വിവരാകാശ ഹരജിക്ക് നല്‍കിയ ഉത്തരത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജന്‍സി സി.സി.ടി.വി ഫൂട്ടേജ് തടഞ്ഞുവെച്ചിരിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന മറുപടി അധികൃതര്‍ നല്‍കിയത്.

സംഭവം നടന്ന ജനുവരി 5 ഉച്ചക്കഴിഞ്ഞ് 3 മണിമുതല്‍ 12 മണിവരെയുള്ള സി.സി.ടി.വി ഫൂട്ടേജിന്റെ കോപ്പി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച വിവരാവാകാശ ഹരജിക്ക് മറുപടിയായി സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ അന്വേഷണ ഏജന്‍സി ദൃശങ്ങള്‍ പിടിച്ചു വെച്ചിരിക്കുകയാണെന്നും അതിനാല്‍ സര്‍വ്വകലാശാലയുടെ നോര്‍ത്ത് ഗേറ്റില്‍ നിന്ന് ജനുവരി 5 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ അര്‍ദ്ധരാത്രി വരെയുള്ള സി.സി.ടിവി ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ ലഭ്യമല്ലെന്നും ജെ.എന്‍.യു അധികൃതര്‍ പറഞ്ഞു.

അതേ സമയം ജനുവരി 5 വൈകുന്നേരം മൂന്ന് മണിമുതല്‍ 11 മണിവരെയുള്ള പൂര്‍ണവും തുടര്‍ച്ചയുമായ സി.സി.ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മറ്റൊരു ആക്ടിവിസ്റ്റ് സമര്‍പ്പിച്ച വിവരാവാകശത്തിന് മറുപടിയായി അധികൃതര്‍ നല്‍കിയ ഉത്തരം ജനുവരി 5 ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെയുള്ള തുടര്‍ച്ചയായ ദൃശ്യം ലഭ്യമല്ല എന്നാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ആള്‍ക്കൂട്ട ആക്രമണകാരികളെ തിരിച്ചറിയാന്‍ സി.സി.ടിവി ദൃശ്യങ്ങളൊന്നും ലഭ്യമല്ലെന്ന ദല്‍ഹി പൊലീസിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍വ്വകലാശാലയുടെ രണ്ട് പ്രതികരണങ്ങളും.

ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജനുവരി അഞ്ചിന് മുഖംമൂടിധരിച്ചെത്തിയ ഒരു സംഘം അക്രമം അഴിച്ചുവിട്ടിരുന്നു. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയ്‌ഷേ ഗോഷിനും ജനറല്‍ സെക്രട്ടറി സതീഷ് യാദവിനുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

We use cookies to give you the best possible experience. Learn more