സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സി.സി.ടി.വികള്‍ സ്ഥാപിക്കണം: സുപ്രീംകോടതി വനിതാ അഭിഭാഷക സംഘടന
national news
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സി.സി.ടി.വികള്‍ സ്ഥാപിക്കണം: സുപ്രീംകോടതി വനിതാ അഭിഭാഷക സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th September 2024, 1:34 pm

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവ തടയാന്‍ സി.സി.ടി.വികള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി വനിതാ അഭിഭാഷക സംഘടന ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി രാജ്യത്താകമാനം സി.സി.ടി.വികള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സംഘടന പറയുന്നത്. അക്രമങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള ഫലപ്രദമായ മാര്‍ഗമാണിതെന്നും ഇവര്‍ പറയുന്നുണ്ട്.

ജോലിസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഉണ്ടാവുന്ന അക്രമങ്ങള്‍ തടയുന്നതിന് സി.സി.ടി.വികള്‍ സ്ഥാപിക്കണമെന്നാണ് എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും പൊതു- സ്വകാര്യമേഖലകളിലെ അധികാരികളോടും സുപ്രീംകോടതി വനിതാ അഭിഭാഷക സംഘടന ആവശ്യപ്പെടുന്നത്.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ വനിതാ അഭിഭാഷക കൊല്ലപ്പെട്ടിരുന്നു. അഭിഭാഷകയുടെ കൊലപാതകത്തില്‍ സംഘടനാ പ്രസിഡന്റ് മഹാലക്ഷ്മി പവാനിയുടെ നേതൃത്വത്തില്‍ സംഭവത്തെ അപലപിച്ചതായി പത്രക്കുറിപ്പില്‍ അറിയിച്ചു.

‘സി.സി.ടി.വികള്‍ സ്ഥാപിക്കുന്നത് അന്വേഷണസംഘത്തെ കാര്യക്ഷമമായി അന്വേഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും സഹായിക്കും. മാത്രമല്ല സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനും ഇത് നിര്‍ണായകമാണ്,’ എസ്.സി.ഡബ്ലൂ.എല്‍.എ പറഞ്ഞു.

കുറ്റവാളികളെ കണ്ടെത്താനുള്ള പല നിര്‍ണായക തെളിവുകളും സി.സി.ടി.വി പരിശോധനയിലൂടെ നടക്കുമെന്നും എളുപ്പത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാകുമെന്നും കത്തില്‍ പറയുന്നു.

രാജ്യത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും സുരക്ഷിതരായി ജീവിക്കാന്‍ കഴിയണമെന്നും സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോട് ‘സീറോ ടോളറന്‍സ് സമീപനം’ സ്വീകരിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

അതേസമയം ജോലി സ്ഥലത്തും മറ്റിടങ്ങളിലുമെല്ലാം സ്ത്രീകളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ഇവ അടിയന്തരമായി പരിഹരിക്കണമെന്നും വനിത അഭിഭാഷകര്‍ പറയുന്നു.

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതുപോലെ ജോലി സ്ഥലങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാവുന്ന പല അവസ്ഥകളും ഉണ്ടെന്നും ജീവന് ഭീഷണിയോടെയാണ് പലരും ജോലി ചെയ്യുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളമുള്ള എല്ലാ വനിതാ അഭിഭാഷകരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും അഭിഭാഷക സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: CCTV should be installed to prevent crimes against women; supreme court women lawyers association