കാനഡയിലെ ഖലിസ്ഥാനി നേതാവിന്റെ കൊലപാതകം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് കനേഡിയൻ മാധ്യമം
national news
കാനഡയിലെ ഖലിസ്ഥാനി നേതാവിന്റെ കൊലപാതകം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് കനേഡിയൻ മാധ്യമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2024, 1:20 pm

ഒട്ടാവ: കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ഫൂട്ടേജ് പുറത്തുവിട്ട് കാനഡയിലെ വാർത്താ ചാനൽ.

സർക്കാർ ഫണ്ട്‌ ചെയ്യുന്ന വാർത്താ ഔട്ട്ലെറ്റ് സി.ബി.സി ന്യൂസാണ് ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തത്.

കഴിഞ്ഞ വർഷം ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരു നാനാക് സിഖ് ഗുരുദ്വാര സാഹിബിന് പുറത്തുള്ള പാർക്കിങ്ങിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് ഒമ്പത് മാസങ്ങൾക്കിപ്പുറം പുറത്തുവന്നത്.

നിജ്ജാർ ഓടിച്ച പിക്കപ്പ് ട്രാക്കിനെ ഒരു വെളുത്ത സെഡാൻ ബ്ലോക്ക്‌ ചെയ്യുന്നതും തുടർന്ന് നിജ്ജാറിന്റെ കൊലപാതകികൾ എന്ന് സംശയിക്കുന്ന രണ്ട് പേർ വാഹനത്തിന് നേരെ ഓടിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഒരു ടൊയോട്ട കാംറിയിൽ ഇവർ കയറിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത്തിൽ ട്രൂഡോയുടെ സർക്കാർ അസ്വസ്ഥരാണെന്ന് ഗ്ലോബ് ആൻഡ് മെയിൽ എന്ന വാർത്താ ഔട്ട്‌ലെറ്റ്‌ റിപ്പോർട്ട് ചെയ്തു.

ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമാണ് (ഐ.എച്ച്.ഐ.ടി) കേസിൽ അന്വേഷണം നടത്തുന്നത്. പ്രതികൾ കടന്നുകളഞ്ഞ വാഹനത്തിലെ ഡ്രൈവറിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഐ.എച്ച്.ഐ.ടി ഓഗസ്റ്റിൽ പറഞ്ഞിരുന്നു.

പ്രതികൾ നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ഡിസംബറിൽ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അറസ്റ്റ് ഉണ്ടായ ശേഷം വിചാരണയിൽ കേസ് തള്ളിപ്പോകുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് സർക്കാരിനെ അറിയിച്ചു.

ഇന്ത്യൻ സർക്കാരിന്റെ പങ്കും പുറത്തുകൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളായിരുന്നു.

Content Highlight: CCTV footage of pro-Khalistan figure Nijjar’s killing made public in Canada