ആഗ്ര: ഹാത്രാസ് പെണ്‍കുട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയാണ് ദൃശ്യങ്ങള്‍ തങ്ങളുടെ കയ്യിലില്ലെന്ന് അറിയിച്ചത്.
സെപ്തംബര്‍ 14ന് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചതുമുതലുള്ള ദൃശ്യങ്ങളാണ് സൂക്ഷിച്ച് വെച്ചിട്ടില്ലെന്ന് ആശുപത്രി പറഞ്ഞത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സി.സി.ടി.വി ദൃശ്യങ്ങളാവശ്യപ്പെട്ട് ആശുപത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ ഏഴു ദിവസത്തില്‍ കൂടുതലുള്ള ഡാറ്റകള്‍ സൂക്ഷിച്ച് വെക്കാറില്ലെന്നാണ് ആശുപത്രിയുടെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഇന്ദ്ര വീര്‍ സിംഗ് പറഞ്ഞത്.
‘സംഭവം നടന്ന സമയത്തൊന്നും ജില്ലാ ഭരണകൂടമോ പൊലീസോ ഫൂട്ടേജ് ആവശ്യപ്പെട്ടിരുന്നില്ല. ഒരു മാസം കഴിഞ്ഞ് അത് നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല. ആരെങ്കിലും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് സൂക്ഷിച്ച് വെച്ചേനെ. സാധാരണ ഗതിയില്‍ ഏഴു ദിവസം വരെ മാത്രമാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ എടുത്ത് വെക്കാറുള്ളത്,’ ഇന്ദ്ര വീര്‍ സിംഗ് പറഞ്ഞു.
തെളിവുകള്‍ ശേഖരിക്കാനും ഡോക്ടര്‍മാരുടെ മൊഴിയെടുക്കാനുമാണ് സി.ബി.ഐ സംഘം ആശുപത്രി സന്ദര്‍ശിച്ചത്. ആദ്യദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രധാനമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഹാത്രാസ് കേസില്‍ സുപ്രീം കോടതി വ്യാഴാഴ്ച കേസ് പരിഗണിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമെങ്കില്‍ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം ഉറപ്പാക്കാമെന്ന് കഴിഞ്ഞ തവണ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതിലും ഇന്ന് തീരുമാനമായേക്കും.
അതേസമയം അന്വേഷണത്തിന് നിയോഗിക്കപ്പെട്ട കേസില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
അന്വേഷണത്തിന് നിയോഗിക്കപ്പെട്ട സി.ബി.ഐ സംഘത്തില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
എസ്.സി, എസ്.ടി ആക്ട്പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് അന്വേഷണ സംഘത്തില്‍ എസ്.സി, എസ്.ടി, അല്ലെങ്കില്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താത്തത് എന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ഹാത്രാസ് കേസിലെ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ സൈറ്റില്‍ നിന്നും നീക്കംചെയ്ത സി.ബി.ഐയുടെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. കേസ് ഏറ്റെടുത്തതിനെക്കുറിച്ചുള്ള പത്രക്കുറിപ്പും നീക്കം ചെയ്തിരുന്നു.
പിന്നീട് പ്രതികള്‍ക്കെതിരെ കേസ് ഏറ്റെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും കാണിച്ച് പുതിയ വാര്‍ത്താക്കുറിപ്പ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
പേഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സി.ബി.ഐ കേസ് ഏറ്റെടുത്തത്. പിന്നാലെ കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി എഫ്.ഐ.ആര്‍ തയാറാക്കുകയും ചെയ്തിരുന്നു.
ബലാത്സംഗം, കൊലപാതകശ്രമം, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവ കേസിലെ കുറ്റകൃത്യമാണ് എന്ന് സംശയിക്കുന്നതായാണ് സി.ബി.ഐ രേഖപ്പെടുത്തിയത്.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക