ന്യൂദൽഹി: പോളിങ് ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊതുജന പരിശോധനയിൽ നിന്ന് പരിമിതപ്പെടുത്തിയത് വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാനും വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിന് ഡാറ്റ ഉപയോഗിക്കുന്നത് തടയനുമാണെന്ന വാദവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ, പോളിങ് സ്റ്റേഷനുകളിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പോലുള്ള ചില ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങൾ പരിശോധിക്കുന്നത് തടയുന്നതിനായി സർക്കാർ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് ചട്ടം പരിഷ്കരിച്ചിരുന്നു.
1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ തിരുത്തിയതിനെക്കുറിച്ച് ആദ്യമായാണ് രാജീവ് കുമാർ സംസാരിക്കുന്നത്. തന്റെ പരാമർശത്തിൽ പോളിങ് ബൂത്തിനകത്തും പുറത്തുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പങ്കിടുന്നത് മാത്രമേ നിയന്ത്രിച്ചിട്ടുള്ളൂവെന്ന് കുമാർ പറഞ്ഞു.
2024 ലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശപ്രകാരം അത്തരം ഡാറ്റയോ ഫൂട്ടേജുകളോ പൊതു പരിശോധനയ്ക്കായി നിരോധിച്ചതായി ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ റൂൾ 93 പ്രകാരം അനുവദനീയമായ മറ്റ് ചില രേഖകൾ തുടർന്നും ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടർമാരുടെ ഐഡൻ്റിറ്റിയും അവരുടെ പ്രൊഫൈലിങ്ങും സംരക്ഷിക്കുന്നതിനാണ് നിയമങ്ങൾ ഭേദഗതി ചെയ്തതെന്ന് കുമാർ പറഞ്ഞു. ദൃശ്യങ്ങൾ പരസ്യമാക്കിയാൽ വോട്ട് ചെയ്തവരുടെയും ചെയ്യാത്തവരുടെയും വിവരങ്ങൾ പുറത്തുവരുമെന്നും ഇത് സ്വകാര്യതാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.
അതോടൊപ്പം ഈ ഡാറ്റകൾ കാണാൻ ഒരു വ്യക്തിക്ക് വലിയ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. ’10 മണിക്കൂറിൽ കൂടുതൽ പോളിങ് നടക്കുന്ന 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളുടെ ദൃശ്യങ്ങൾ നൽകിയാൽ, അത് ഏകദേശം ഒരു കോടി മണിക്കൂറിൻ്റെ ഡാറ്റയുണ്ടാകും. ഒരു വ്യക്തിക്ക് ദിവസവും എട്ട് മണിക്കൂർ വീക്ഷിച്ചാൽ റെക്കോർഡിംഗുകളിലൂടെ കടന്നുപോകാൻ 3,600 വർഷം വേണ്ടിവരും,’ അദ്ദേഹം പറഞ്ഞു.
Content Highlight: CCTV footage barred to prevent ‘misuse’, ensure voter privacy, claims CEC