60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ളതില്‍ പരിശോധന; സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്
national news
60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ളതില്‍ പരിശോധന; സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th February 2022, 9:51 am

ന്യൂദല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബ്രാന്റായ സെന്‍സൊഡൈന്റെ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ).

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളില്‍ പരിശോധന നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടര്‍ നല്‍കാനും സി.സി.പി.എ ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കി.

സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ നിബന്ധനകള്‍ ലംഘിച്ചുവെന്നാരോപിച്ച് പരസ്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സി.സി.പി.എ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഓര്‍ഡര്‍ പുറപ്പെടുവിച്ച് ഏഴുദിവസത്തിനുള്ളില്‍ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍ പറയുന്നത്.

ഇന്ത്യയ്ക്ക് പുറത്തുള്ള ഡെന്റിസ്റ്റുകള്‍ പരസ്യത്തില്‍ സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സി.സി.പി.എയുടെ കണ്ടെത്തല്‍.

കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും വ്യാപാര മര്യാദകള്‍ പാലിക്കാത്തതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ നാപ്ടോളിന് സി.സി.പി.എ പിഴയിട്ടിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് നാപ്ടോളിന് പിഴ ചുമത്തിയിരിക്കുന്നത്.

പരസ്യങ്ങളിലൂടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്തുന്നു എന്ന് കാണിച്ചാണ് സി.സി.പി.എയുടെ നടപടി. ഫെബ്രുവരി രണ്ടിനാണ് നാപ്ടോളിനെതിരരെയുള്ള ഉത്തരവ് സി.സി.പി.എ പുറത്തിറക്കിയത്.

നാപ്ടോളിനെതിരെ സി.സി.പി.എ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. രണ്ട് സെറ്റ് സ്വര്‍ണാഭരണം (Set of 2 Gold Jewelry), മാഗ്‌നറ്റിക് നീ സപ്പോര്‍ട്ട് (Magnetic Knee Support), ആക്വാപ്രഷര്‍ യോഗാ സ്ലിപ്പര്‍ (Aqua Pressure Yoga Slipper) എന്നീ ഉത്പന്നങ്ങള്‍ക്കെതിരെയാണ് സി.സി.പി.എയുടെ കേസ്. നാപ്ടോളിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സി.സി.പി.എ പറയുന്നു.

നാപ്ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്നും, ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും സി.സി.പി.എയുടെ ഉത്തരവില്‍ പറയുന്നുണ്ട്.


Content Highlights: CCPA banned Sensodyne ads in India