| Wednesday, 7th February 2024, 5:21 pm

കുഞ്ചാക്കോ ബോബനൊപ്പം സഞ്ജുവും; മുന്നില്‍ നിന്നാല്‍ അടി പതറല്ലേ... കേരള സ്‌ട്രൈക്കേഴ്‌സ് കളത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

സി.സി.എല്‍ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) പുതിയ സീസണിനുള്ള കേരള സ്‌ട്രൈക്കേഴ്‌സിനെ കുഞ്ചാക്കോ ബോബന്‍ നയിക്കും. 17 അംഗ ടീമിനെ ബുധനാഴ്ച പ്രഖ്യാപിച്ചു.

നടന്‍മാര്‍ക്ക് പുറമെ സംവിധായകരും ഗായകരും സംഗീത സംവിധായകരും ടീമിന്റെ ഭാഗമാണ്. കുഞ്ചാക്കോ ബോബന് പുറമെ ആസിഫ് അലി, സിജു വില്‍സണ്‍, ഉണ്ണി മുകുന്ദന്‍, സഞ്ജു ശിവറാം എന്നിവരടങ്ങുന്നതാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ മുന്‍ നിര താരങ്ങള്‍.

ഫെബ്രുവരി 23നാണ് സി.സി.എല്‍ ആരംഭിക്കുന്നത്.

കേരള സ്ട്രൈക്കേഴ്സ് സ്‌ക്വാഡ്:

കുഞ്ചാക്കോ ബോബന്‍ (ക്യാപ്റ്റന്‍), ഉണ്ണി മുകുന്ദന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, മണികുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഷെഫീഖ് റഹ്‌മാന്‍, നിഖില്‍ കെ. മേനോന്‍, വിജയ് യേശുദാസ്, കലാഭവന്‍ പ്രജോദ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്സാണ്ടര്‍, സിജു വില്‍സണ്‍.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണെങ്കിലും ഇതുവരെ കിരീടം നേടാന്‍ സ്‌ട്രൈക്കേഴ്‌സിന് സാധിച്ചിട്ടില്ല. രണ്ട് തവണ കിരീടത്തിനടുത്തെത്തി കാലിടറി വീഴാനായിരുന്നു മലയാളത്തിന്റെ പ്രിയ താരങ്ങള്‍ക്ക് സാധിച്ചത്.

2014, 2017 സീസണുകളിലാണ് സ്‌ട്രൈക്കേഴ്‌സ് സി.സി.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചത്. 2014ല്‍ കിച്ച സുദീപിന്റെ കര്‍ണാടക ബുള്‍ഡോഴ്‌സിസിനോട് പരാജയപ്പെട്ടപ്പോള്‍ 2017ല്‍ തെലുഗു വാറിയേഴ്‌സാണ് കേരളത്തെ പരാജയപ്പെടുത്തിയത്.

View this post on Instagram

A post shared by Truckers (@truckersuae)

എട്ട് ടീമുകളാണ് ഇത്തവണ കിരീടത്തിനായി പോരാടുന്നത്. സ്‌ട്രൈക്കേഴ്‌സിനെ കൂടാതെ തെലുഗു വാറിയേഴ്‌സ്, കര്‍ണാടക ബുള്‍ഡോഴ്‌സേഴ്‌സ്, പഞ്ചാബ് ഡി ഷേര്‍, ഭോജ്പുരി ദബാങ്‌സ്, ബംഗാള്‍ ടൈഗേഴ്‌സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് മറ്റ് ടീമുകള്‍.

അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് റെയ്‌നിങ് ചാമ്പ്യന്‍മാരായ തെലുഗു വാറിയേഴ്‌സ് ഇത്തവണ കളത്തിലിറങ്ങുന്നത്. 2015, 2016, 2017 സീസണുകളിലായി ഹാട്രിക് കിരീടം നേടിയ ടീം ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2023ലും കിരീടനേട്ടം ആവര്‍ത്തിച്ചു. ഏറ്റവുമധികം തവണ കിരീടം സ്വന്തമാക്കിയതും വാറിയേഴ്‌സ് തന്നെ.

അഖില്‍ അകിനേനിയാണ് തെലുഗു വാറിയേഴ്‌സിന്റെ ക്യാപ്റ്റന്‍. മലയാളിയായ ആര്യ ചെന്നൈ റൈനോസിനെയും മനോജ് തിവാരി ഭോജ്പുരി ദബാംങ്‌സിനെയും നയിക്കുമ്പോള്‍ പ്രദീപാണ് കര്‍ണാടക ബുള്‍ഡോഴ്‌സേഴ്‌സിന്റെ അമരക്കാരന്‍. ജിഷുവാണ് ബംഗാള്‍ ടൈഗേഴ്‌സിന്റെ ക്യാപ്റ്റന്‍. പഞ്ചാബിനെ സോനു സൂദ് നയിക്കുമ്പോള്‍ റിതേഷ് ദേശ്മുഖ് മുംബൈ ഹീറോസിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കും.

Content Highlight: CCL 2024: Kerala Strikers announced their squad

We use cookies to give you the best possible experience. Learn more