Big Buy
സ്വര്‍ണ്ണത്തില്‍ മായം: മണപ്പുറം ജ്വല്ലേഴ്‌സിന്റെ പരാതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Apr 25, 08:24 am
Wednesday, 25th April 2012, 1:54 pm

കൊച്ചി: മണപ്പുറം ജ്വല്ലേഴ്‌സ് ചില സ്വര്‍ണ്ണക്കടകള്‍ക്കും കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷനും എതിരെ നല്‍കിയ പരാതി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തള്ളി. തൃശുരില്‍ നിന്നുള്ള ചില ജ്വല്ലറികളും ഗോള്‍ഡ് ആന്റ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷനും തങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തി അനാരോഗ്രകരമായ മത്സരം വ്യാപാര രംഗത്തു നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മണപ്പുറം ജ്വല്ലേഴ്‌സ് പരാതി നല്‍കിയിരുന്നത്.

മണപ്പുറം ജ്വല്ലേഴ്‌സില്‍ നിന്നും വാങ്ങുന്ന സ്വര്‍ണ്ണം തങ്ങളുടെ കടയില്‍ മാറ്റുന്നതിനോ വില്‍ക്കുന്നതിനോ തയ്യാറല്ലെന്ന ബോര്‍ഡുകള്‍ സ്വര്‍ണ്ണക്കടകളുടെ മുന്നില്‍ സ്ഥാപിച്ചതും ഗുണ നിലവാരം കുറഞ്ഞ സ്വര്‍ണ്ണം ഉപയോഗിക്കുന്നതിനാല്‍ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ബാനറുകളും വച്ചതാണ് മണപ്പുറം ജ്വല്ലേഴ്‌സിനെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. സ്വര്‍ണ്ണത്തില്‍ മാരക രോഗത്തിനു കാരണമാകുന്ന റുഥേനിയവും ഇറിഡിയവും കലര്‍ത്തി സ്വര്‍ണ്ണത്തിന്റെ ഗുണ നിലവാരം കുറച്ചാല്‍ മാത്രമേ അന്താരാഷ്ട്ര വിലയില്‍ നിന്നും കുറഞ്ഞ വിലയ്ക്കു സ്വര്‍ണ്ണം നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനും മറ്റും സ്വര്‍ണ്ണവ്യാപാരികള്‍ മുന്‍കൈ എടുത്തിരുന്നു.

ബോര്‍ഡുകളും ബാനറുകളും വച്ചത് അസോസിയേഷന്റെ പേരിലല്ലാത്തതിനാല്‍ അസോസിയേഷനെതിരെയോ അസോസിയേഷനില്‍ അംഗങ്ങളായ 243 പേര്‍ക്കെതിരെയോ കേസ് ചാര്‍ജ് ചെയ്യാന്‍ സാധ്യമല്ലെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

പൊതു സ്വകാര്യ കമ്പനിയായ മണപ്പുറം ജ്വല്ലേഴ്‌സ് 2008ലാണ് ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളിലായി അവരുടെ 9 കടകള്‍ തുറന്നത്. അടുത്ത അഞ്ച് വര്‍ത്തിനിടെ ഇന്ത്യയില്‍ ഉടനീളം വിവിധ സ്ഥലങ്ങളിലായി 100 കടകള്‍ തുറക്കാനും പദ്ധതിയുണ്ട്.

മണപ്പുറം ജ്വല്ലേഴ്‌സ് തെറ്റായ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും ഇത്തരം പരസ്യങ്ങള്‍ ആരോഗ്യകരമായ സ്വര്‍ണ്ണവ്യാപാരത്തെ ബാധിയ്ക്കുമെന്നും കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജി. ഗോപാലന്‍ പറഞ്ഞു.

Malayalam News

Kerala News in English