2008ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐ.പി.എല്‍ യാത്ര ആരംഭിച്ച ഇതിഹാസമാണ് മഹേന്ദ്ര സിങ് ധോണി. ചെന്നൈക്ക് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി നേടിക്കൊടുത്തത്. മാത്രമല്ല രണ്ടു ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും ധോണി നേടി. തന്റെ ക്രിക്കറ്റ് കരിയറില്‍ തന്നെ വലിയ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. 2024 ഐ.പി.എല്ലിന് മുന്നോടിയായി ഡിസംബര്‍ 19ന് താരലേലം നടക്കുകയും എല്ലാ ടീമുകളും മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടുമുണ്ട്.
ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സി.ഇ.ഒ കാശി വിശ്വനാഥന്‍ എം.എസ് ധോണിയെ കുറിച്ച് ചില കാര്യങ്ങള്‍ സംസാരിക്കുകയുണ്ടായി. സമര്‍ത്ഥമായ നേതൃത്വം യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കാനും സൂക്ഷ്മമായി നിരീക്ഷിക്കാനും ധോണിക്ക് ഉള്ള കഴിവ് ഐ.പി.എല്ലില്‍ താരത്തെ ഒരു പവര്‍ഹൗസ് ആക്കി മാറ്റിയിട്ടുണ്ടെന്ന് വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു.
ട്രോഫികള്‍ക്കും വിജയങ്ങള്‍ക്കും അപ്പുറമാണ് അദ്ദേഹം. ഒരു മികച്ച ഫിനിഷര്‍, അതിലുപരി സമ്മര്‍ദ ഘട്ടത്തില്‍ ടീമിനെ താങ്ങി നിര്‍ത്തുന്നവന്‍ എന്നിങ്ങനെ നീണ്ടു നില്‍ക്കുന്ന ധോണിയുടെ കഴിവാണ് അദ്ദേഹത്തിന് ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന പേര് നേടിക്കൊടുത്തിട്ടുണ്ട്.
‘ധോണി തന്നെ തീരുമാനമെടുക്കും. അവന്‍ ഇതുവരെ അതിനെക്കുറിച്ച് ഒരു സൂചന പോലും ഞങ്ങള്‍ക്ക് തന്നിട്ടില്ല. അങ്ങനെയാണ് അവന്‍,’കാശിനാഥന്‍ ജിയോ സിനിമയില്‍ പറഞ്ഞു.
42ാം വയസ്സില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിട്ടും 2024 തന്റെ അവസാനത്തെ ഐ.പി.എല്‍ സീസണ്‍ ആണെന്ന് ധോണി സ്ഥിരീകരിച്ചിട്ടില്ല.
2024 ഐ.പി.എല്‍ ലേലത്തോടനുബന്ധിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് ധോണിയുടെ തുടര്‍ച്ചയെ പറ്റിയും സംസാരിച്ചിരുന്നു.
‘ധോണിയെ കുറിച്ച് ഞങ്ങള്‍ക്ക് പത്ത് വര്‍ഷത്തോളമായിട്ടുള്ള പ്ലാനുകള്‍ ഉണ്ട്. ഇത് എന്തായാലും ഒരു ചര്‍ച്ചാവിഷയം ആകും. അവന്‍ ഇനിയും ഒരുപാട് കാലം കളിക്കുന്നത് കാണാന്‍ ഇഷ്ടമാണ്. അവന് ടീമിനോടും ഫ്രാഞ്ചൈസിയോടും ഉള്ള അഭിനിവേശം തുടരും, ഞങ്ങള്‍ തുടര്‍ന്നും മുന്നോട്ടു പോകും,’അദ്ദേഹം പറഞ്ഞു.
2024 എം.എസ് ധോണി എന്ന ഇതിഹാസത്തിന്റെ അവസാന ഐ.പി.എല്‍ യാത്ര അല്ലെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകരും. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഫിനിഷറും, എന്തിന് പറയുന്നു അതിനെല്ലാം അപ്പുറമാണ് ക്യാപ്റ്റന്‍ കൂള്‍.
Content Highlight: Chennai Super Kings C.E.O Reveals M.S. Dhoni’s Future Decisions