| Tuesday, 30th January 2018, 9:33 am

203 റണ്ണിന്റെ കൂറ്റന്‍ ജയം; പാകിസ്താനെ കെട്ടുകെട്ടിച്ച് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രൈസ്റ്റ്ചര്‍ച്ച്: ചിരവൈരികളായ പാകിസ്താനെ 203 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യന്‍ യുവനിര അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലില്‍. ആദ്യം ബാറ്റുചെയ്ത് 272 റണ്‍സ് നേടിയ ഇന്ത്യ പാകിസ്താനെ 69 റണ്‍സിനു പുറത്താക്കിയാണ് കൂറ്റന്‍ ജയം സ്വന്തമാക്കിയത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യ ഉയര്‍ത്തിയ 273 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ 29.2 ഓവറിലാണ് കളിയവസാനിപ്പിച്ചത്. 10 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ പാകിസ്താന് പിന്നീട് തകര്‍ച്ചയില്‍ നിന്ന കരകയറാന്‍ കഴിഞ്ഞില്ല. തകര്‍ച്ചയോടെയുള്ള ആ തുടക്കത്തില്‍ നിന്ന് കര കയറാന്‍ പിന്നീട് പാകിസ്താനായില്ല.

18 റണ്‍സെടുത്ത റൊഹെയ്ല്‍ നാസിറാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. എട്ടു ബാറ്റ്സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായി. ആറു ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇഷാം പോറെലായിരുന്നു ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ശിവ സിങ്ങും റിയാന്‍ പരംഗും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ 94 പന്തില്‍ നിന്ന് 102 സെഞ്ചുറി നേടിയ ശുഭം ഗില്ലിന്റെ മികവിലായിരുന്നു ഇന്ത്യന്‍ യുവനിര മികച്ച ടോട്ടല്‍ കണ്ടെത്തിയത്. ഏഴു ഫോറിന്റെ അകമ്പടിയോടെ 94 പന്തില്‍ നിന്നായിരുന്നു ഗില്ലിന്റെ 102 റണ്‍സ്. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് ഇന്ത്യ കുറിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിങ്ങില്‍ പൃഥ്വി ഷായും മഞ്ജോത് കൈറയും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 റണ്‍സടിച്ച പൃഥ്വി ഷായെ റണ്‍ഔട്ടാക്കി മുഹമ്മദ് മൂസയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 47 റണ്‍സെടുത്ത കൈറയും പുറത്തായി.

ഹാര്‍വിക് ദേശായി 20 റണ്‍സടിച്ച് പുറത്തായപ്പോള്‍ രണ്ട് റണ്‍സായിരുന്നു റിയാന്‍ പരാഗിന്റെ സമ്പാദ്യം. അഭിഷേക് ശര്‍മ്മ (5), നാഗര്‍കോട്ടി(1),ശിവം മവി(10), ശിവ സിങ്ങ് (1) എന്നിവരും വിന്നനഴിയേ ക്രീസ് വിട്ടു. 33 റണ്‍സടിച്ച അങ്കുല്‍ റോയി മാത്രമാണ് വാലറ്റത്തില്‍ അല്‍പം പിടിച്ചുനിന്നത്.

We use cookies to give you the best possible experience. Learn more