തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍. കുട്ടികള്‍ ഹോസ്റ്റലില്‍ വൈകിയെത്തുന്നത് പരിശോധിക്കാനെന്ന പേരിലാണ് ഹോസ്റ്റല്‍ വാര്‍ഡന്റെ നടപടി.
വാര്‍ഡനും പ്രിന്‍സിപ്പലും ചേര്‍ന്നാണ് ഹോസ്റ്റലില്‍ ക്യാമറ സ്ഥാപിച്ചതെന്ന വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും പുറത്തുപോവുകയാണെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്നും ആരോപിച്ചാണ് കോളേജ് അധികൃതരുടെ നടപടി.
ഹോസ്റ്റലിന്റെ ഹാളിലും വരാന്തയിലുമാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. പ്രിന്‍സിപ്പളിന്റെയും വാര്‍ഡന്റെയും നടപടി തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
ഹോസ്റ്റലിന്റെ ഗേറ്റ് പത്തുമണിയാകുമ്പോഴേക്ക് അടക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. നേരത്തെ വിദ്യാര്‍ത്ഥിനികള്‍ ജീന്‍സ് ധരിക്കരുതെന്നുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഡ്രസ് കോഡ് ഇതേ മെഡിക്കല്‍ കോളേജ് കൊണ്ടു വന്നിരുന്നത് വിവാദത്തിനിടയാക്കിയിരുന്നു.