തിരുവന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ വാദങ്ങള്‍ പൊളിയ്ക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്.
സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരനില്‍ നിന്ന് വിവരം കിട്ടാന്‍ വൈകിയതുകൊണ്ടാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ അപകടം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയെന്ന് തെളിയിക്കുന്ന സി.സി ടിവി ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. അപകടം നടക്കുന്നതിന്റെ സമീപത്തുള്ള സി.സി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അപകടം നടക്കുന്നതിന് തൊട്ടുപിറകെ പൊലീസ് എത്തിയതായ വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്.
അപകടം നടക്കുന്ന സമയം സി.സി ടിവിയില്‍ 1;01:42 am ആണ്. പൊലീസ് എത്തുന്നത് 1.02: 41നാണ്. വെറും 59 സെക്കന്റുകള്‍ക്കുള്ളില്‍ അപകടം നടന്ന സ്ഥലത്ത് എത്തിയ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത് രാവിലെ 7.17 നാണ്.
കൃത്യമായി പറഞ്ഞാല്‍ അപകടം നടന്ന് ആറ് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് പൊലീസ് എഫ്.ഐ.ആര്‍ ഇടാന്‍ തയ്യാറായത്. അപകടം അറിയാന്‍ വൈകിയതുകൊണ്ടല്ല മറിച്ച് പൊലീസ് മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദൃക്‌സാക്ഷികള്‍ ആരും ശ്രീറാമിനെതിരെ മൊഴി നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് കേസെടുക്കാതിരുന്നത് എന്ന് പൊലീസ് ആദ്യം വിശദീകരിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്റെ ഒരു ദൃക്‌സാക്ഷിയെ പൊലീസ് വിട്ടുകളഞ്ഞെന്നും ദൃശ്യം വ്യക്തമാക്കുന്നുണ്ട്.
അപകടം നടക്കുമ്പോള്‍ ബഷീറിന്റെ തൊട്ടുപിറകിലായി മറ്റൊരു ബൈക്ക് യാത്രക്കാരന്‍ ഉണ്ടായിരുന്നു. ഇത് സി.സി ടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. അപകടം കണ്ടയുടനെ ഇയാള്‍ ആക്ടീവ നിര്‍ത്തി തിരിച്ചുപോകുന്നതാണ് ദൃശ്യത്തില്‍ ഉള്ളത്. ശ്രീറാമും വഫയുമല്ലാതെ അപകടം നേരിട്ട് കണ്ട ഏക വ്യക്തി ഇയാളായിരുന്നു. പക്ഷേ ഈ ദൃശ്യങ്ങളില്‍ നിന്നല്ലാതെ ഇയാളെ കുറിച്ചുള്ള ഒരു സൂചനകളും പുറത്തുവന്നിട്ടില്ല. ഇയാള്‍ ആരാണെന്നോ എന്താണ് സംഭവിച്ചതെന്നോ പൊലീസ് അന്വേഷിച്ചില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ പൊലീസ് കേസ് അട്ടിമറിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് എഫ്.ഐ.ആര്‍ ഇടാന്‍ വൈകിയതും മെഡിക്കല്‍ പരിശോധന നടത്താതിരുന്നതും പരാതി ലഭിക്കാത്തതിനാലാണെന്ന് പൊലീസ് പറഞ്ഞത്. ഈ വാദത്തെ പൂര്‍ണമായും ഖണ്ഡിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അപകടം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ പൊലീസ് ജീപ്പ് എത്തിയിട്ടുണ്ട്. അപകടം വിവരം പൊലീസില്‍ അറിയിക്കുന്നതിന് മുന്‍പ് തന്നെ സ്ഥലത്ത് പൊലീസ് എത്താനാണ് സാധ്യത. ഇത്ര നേരത്തെ സംഭവസ്ഥലത്ത് എത്തിയിട്ടും പരാതി കിട്ടുന്നതുവരെ കാത്തിരിക്കുകയായിരുന്നു പൊലീസ്.
മാത്രമല്ല 1: 22 വരെ പൊലീസ് ജീപ്പ് സംഭവസ്ഥലത്ത് കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സമയം അവിടെ പ്രതികളും ഉണ്ടായിരുന്നു. പൊലീസ് ജീപ്പിലാണ് ശ്രീറാമിനെ കൊണ്ടുപോയതെന്ന് പൊലീസ് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. അങ്ങനെ വരുമ്പോള്‍ 1: 22 വരെ ശ്രീറാമും അവിടെ തുടര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്രയും സമയം അവിടെ നിന്ന് പ്രതികള്‍ക്ക് കൂടിയാലോചനയ്ക്കുള്ള സമയം പൊലീസ് നല്‍കിയെന്ന ആരോപണമാണ് ഇതിലൂടെ ശക്തമാകുന്നത്.
മാത്രമല്ല അപകടം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ എത്തിയ പൊലീസിന് വാഹനം ഓടിച്ചത് ആരായിരുന്നു എന്ന് ഒരുപക്ഷേ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പ്രതി സ്ഥാനത്ത് തുടക്കത്തില്‍ ആരും ഉണ്ടായിരുന്നില്ല.
അപകടത്തിന് മിനുട്ടുകള്‍ക്ക് മുന്‍പുള്ള ശ്രീറാം വെങ്കിട്ട രാമന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
സി.സി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയതെന്നും ഈ ദൃശ്യങ്ങള്‍ എല്ലാം പൊലീസ് ശേഖരിച്ചുവെന്നാണ് അറിയുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കരുതിക്കൂട്ടിയുള്ള തെളിവ് നശിപ്പിക്കലിന് ഉദ്യോഗസ്ഥറും പ്രതികളും ശ്രമിച്ചു എന്നതിന് തെളിവാണ് ദൃശ്യങ്ങള്‍ എന്നും സംഭവം നടന്ന ഉടനെ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കാതെ പൊലീസ് എങ്ങനെ നിഷ്‌ക്രിയരാക്കപ്പെട്ടു എന്ന് കണ്ടെത്തിയാലേ ഇനി മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂവെന്ന് അഭിഭാഷകന്‍ അജകുമാര്‍ പ്രതികരിച്ചു.
കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്ന നടപടികള്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്നലെയും അപകടം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു.
ശ്രീറാം വെങ്കിട്ടരാമന്‍ ഗോള്‍ഫ് ക്ലബ്ബിന് സമീപമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങുന്നതും ഇതേ റോഡിലൂടെ നടന്നുപോകുന്നതുമായ രണ്ട് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. അപകടവുമായി ബന്ധപ്പെട്ട് ആദ്യമായി പുറത്തുവരുന്ന ദൃശ്യങ്ങളായിരുന്നു ഇത്.
അതേസമയം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ബഷീറിന്റെ കുടുംബവും കെ.യു. ഡബ്ല്യു.ജെയും രംഗത്തെത്തിയിട്ടുണ്ട്.