കൊറോണ ധവാന് ഏറ്റവും അനുയോജ്യനായ നടന്‍ ലുക്മാന്‍ അവറാനാണെന്ന് സംവിധായകന്‍ സി.സി. നിതിന്‍. തന്റെ നാട്ടില്‍ കണ്ടുപരിചയിച്ച ചില മുഖങ്ങളുണ്ടെന്നും അത്തരമൊരു ആളാണ് ലുക്മാനെന്നും നിതിന്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലേക്ക് ലുക്മാനെ എന്തുകൊണ്ട് നായകനാക്കി എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ഈ കഥയില്‍ ദുല്‍ഖര്‍ സല്‍മാനോ നിവിന്‍ പോളിയോ അതുപോലെയുള്ള താരങ്ങളോ വന്ന് കഴിഞ്ഞാല്‍ സിനിമ ആര്‍ക്കും ഇഷ്ടപ്പെടില്ല. ആനത്തടം എന്ന ഗ്രാമത്തില്‍ ഞാന്‍ കണ്ടുവന്ന റിയലായ കുറേ ആളുകളുണ്ട്. ആ ഗ്രാമത്തിന് ഇണങ്ങിയ മുഖങ്ങള്‍.
ഇവരൊന്നും ഇണങ്ങിയതല്ല എന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ ഞാന്‍ കണ്ടുവന്ന എന്റെ കുറേ കൂട്ടുകാരുണ്ട്. സാമ്പാര്‍, കപ്പ, പട, നത്ത് എന്നൊക്കെ പറഞ്ഞ് കുറേ പേരുണ്ട്. ഇതൊക്കെ ഇരട്ട പേരാണ്. എല്ലാവര്‍ക്കും ഇരട്ട പേരുണ്ട്. അങ്ങനെ ഞാന്‍ കണ്ടുവന്ന ഒരു റിയല്‍ കഥാപാത്രമാണ് ജവാന്‍ വിനു. ഇപ്പോള്‍ അത് ധവാന്‍ വിനു ആയി. അതിന് ഏറ്റവും യോജിച്ചത് ലുക്മാനാണ്,’ നിതിന്‍ പറഞ്ഞു.
ഓഗസ്റ്റ് നാലിനാണ് കൊറോണ ധവാന്‍ തിയേറ്ററുകളിലെത്തിയത്. തൃശ്ശൂരിലെ ആനത്തടം എന്ന കുടിയന്മാരുടെ നാട്ടില്‍ ലോക്ഡൗണ്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് കോമഡി മോഡില്‍ ചിത്രത്തില്‍ പറഞ്ഞുപോകുന്നത്.
ജെയിംസ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുജയ് മോഹന്‍രാജാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണം ചെയ്തത്.
ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: CC Nithin about casting Lukman for Corona Dhavan