മികച്ച വിജയം നേടി പെൺകുട്ടികൾ: സി.ബി.എസ്.ഇ. പരീക്ഷയിൽ ഒന്നാമതായി കരിഷ്മയും ഹൻസികയും, മികച്ച പ്രകടനം കാഴ്ച്ച വെച്ച് തിരുവനന്തപുരം
ന്യൂദൽഹി: ഇന്നുച്ചയ്ക്ക് പ്രഖ്യാപിച്ച സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ ഒന്നാമതെത്തിയത് രണ്ടു പെൺകുട്ടികൾ. ഉത്തർ പ്രദേശ് സ്വദേശികളായ ഹൻസിക ശുക്ലയും കരിഷ്മ അറോറയുമാണ് 500ൽ 499 മാർക്കുകൾ വീതം നേടി ഒന്നാമതെത്തിയത്. ഫെബ്രുവരി 17ന് ആരംഭിച്ച 13 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത് പെൺകുട്ടികളാണ്. പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയതും പെൺകുട്ടികളാണ്.
ഋഷികേശ് സ്വദേശിയായ ഗൗരാംഗി ചാവാല, റായ്ബറേലി സ്വദേശി ഐശ്വര്യ, ഹരിയാനയിലെ ജിന്ദ് സ്വദേശി ഭവ്യ എന്നിവരാണിവർ. 500ൽ 498 മാർക്കാണ് മൂവരും നേടിയത്. തിരുവനന്തപുരം(98.2), ചെന്നൈ(92.93), ന്യൂ ദൽഹി(91.87) മേഖലയിലുള്ള വിദ്യാർത്ഥികളാണ് പരീക്ഷയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കേന്ദ്രിയ വിദ്യാലയ സ്കൂളിലെ കുട്ടികൾ പരീക്ഷയിൽ 98.54 ശതമാനം വിജയം നേടി. ജവഹർ നവോദയ വിദ്യാലയ സ്കൂൾ ശൃംഖല 96.4 വിജയശതമാനം രേഖപ്പെടുത്തി. പരീക്ഷണ അവസാനിച്ച് 28 ദിവസം കഴിഞ്ഞാണ് ഫലം പുറത്ത് വരുന്നത്. ഇത്തവണ, മുൻപുള്ള വർഷങ്ങളേക്കാൾ നേരത്തെ ആയിരുന്നു പരീക്ഷകൾ നടന്നത്.
തങ്ങളുടെ മകൻ പരീക്ഷയിൽ 96.4 ശതമാനം വിജയം നേടിയതായി എന്നറിയിച്ചുകൊണ്ട് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത ട്വിറ്ററിലൂടെ അറിയിച്ചു. തന്റെ മകൻ പരീക്ഷയിൽ നാല് വിഷയങ്ങളിലായി 91 ശതമാനം മാർക്ക് നേടിയെന്നറിയിച്ച് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും ട്വീറ്റ് ചെയ്തിരുന്നു.