| Thursday, 9th July 2020, 8:35 am

ജി.എസ്.ടി, ജനാധിപത്യ അവകാശങ്ങള്‍, അയല്‍ രാജ്യ ബന്ധം; സി.ബി.എസ്.ഇ വെട്ടിമാറ്റിയത് ചില നിര്‍ണായക ഭാഗങ്ങള്‍കൂടി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വെട്ടിക്കുറച്ച സി.ബി.എസ്.ഇ സിലബസില്‍ കൂടുതല്‍ പാഠഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഒമ്പതുമുതല്‍ പ്ലസ്ടു വരെയുള്ള സിലബസുകളില്‍നിന്നും ജി.എസ്.ടി, നോട്ട് നിരോധനം, ജനാധിപത്യ അവകാശങ്ങള്‍ തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ക്കൂടി ഒഴിവാക്കി. പ്ലസ് വണ്‍ സിലബസില്‍നിന്നും ദേശീയത, പൗരത്വം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് പുറമെയാണ് ഇത്.

പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍നിന്ന് ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതിയും, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍ എന്നീ അയല്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം, പ്രാദേശിക ഘടകങ്ങള്‍ എന്നിവയാണ് നീക്കം ചെയ്തിരിക്കുന്നത്.

പൊളിറ്റിക്കല്‍ സയന്‍സ് പേപ്പറില്‍ നിന്ന് ഇന്ത്യയിലെ സാമൂഹികവും പുതിയതുമായ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അധ്യായം പൂര്‍ണമായും ഒഴിവാക്കി.

ബിസിനസ് സ്റ്റഡീസില്‍നിന്ന് നോട്ട് നിരോധനവും നീക്കിയിട്ടുണ്ട്. കൊളോണിയലിസം അടക്കമുള്ള ഭാഗങ്ങള്‍ ഹിസ്റ്ററി വിഭാഗത്തില്‍നിന്നും മാറ്റി.

പ്ലസ് വണ്‍ സിലബസില്‍നിന്നും ജി.എസ്.ടിയെ സംബന്ധിച്ച ഭാഗം പൂര്‍ണമായും ഒഴിവാക്കി. ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളും വെട്ടിമാറ്റിയാണ് പുതിയ നീക്കം.

പത്താം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍നിന്ന് ‘ജനാധിപത്യവും വൈവിധ്യവും’, ‘ജാതി, മതം, ലിംഗം’, ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്നീ അധ്യായഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദി സിലബസില്‍നിന്നും ചില പ്രധാന ഭാഗങ്ങള്‍ മാറ്റി.

ഒമ്പതാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസിലെ ‘ജനാധിപത്യാവകാശങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ ഘടനയും’ എന്ന അധ്യായം പൂര്‍ണമായും നീക്കംചെയ്തു. എക്കണോമിക്സ് സിലബസിലെ ‘ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ’ അധ്യായവും ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സി.ബി.എസ്.ഇ സിലബസ് വെട്ടിക്കുറച്ചത്. കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30 ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്.

‘പഠന നേട്ടത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, പ്രധാന ആശയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സിലബസ് 30 ശതമാനം വരെ കുറച്ച് യുക്തിസഹമാക്കാന്‍ തീരുമാനിച്ചു,” മാനവ വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more