ന്യൂദല്‍ഹി: സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ബി.ജെ.പിയ്ക്കും ആര്‍.എസ്.എസ്സിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ്സും ബി.ജെ.പിയും ചേര്‍ന്ന് രാജ്യത്തെ സ്ഥാപനങ്ങള്‍ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
“ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയും പ്രതീക്ഷയുമാണ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിലൂടെ തകര്‍ത്തത്. നമ്മുടെ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് എക്കാലവും സംരക്ഷിച്ചിരുന്നു. ആര്‍.എസ്.എസ്സും ബി.ജെ.പിയും ചേര്‍ന്ന് നമ്മുടെ സ്ഥാപനങ്ങളെ തകര്‍ക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. എന്നെ വിശ്വസിക്കൂ, ഇതൊരു തുടക്കം മാത്രമാണ്.” -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഓരോ വിഷയങ്ങളുടെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പിന്നാലെ പരീക്ഷ റദ്ദാക്കിയതായി സി.ബി.എസ്.ഇ അറിയിപ്പ് പുറത്തുവന്നു.
10-ാം ക്ലാസിലെ കണക്ക്, 12-ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പുതുക്കിയ പരീക്ഷാ തീയതി സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ശക്തമായ നടപടിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്ന സമയത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.