ന്യുദല്‍ഹി: സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിഷേധം ശക്തമാകുന്നു. ദല്‍ഹിയില്‍ സി.ബി.എസ്.ഇ ആസ്ഥാനത്തിനു മുമ്പിലും ജന്തര്‍മന്ദറിലും ഇന്നും വിദ്യാര്‍ത്ഥി പ്രതിഷേധം ഇരമ്പി, മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍.എസ്.യു.ഐ പ്രതിഷേധിച്ചു.
കേസില്‍ 40 തോളം പേരെ പോലീസ് ചോദ്യം ചെയ്തു. പ്രത്യേക സംഘം രൂപീകരിച്ചാണ് ദല്‍ഹി പൊലീസിന്റെ അന്വേഷണം. വാട്ട്സ് ആപ്പ് അടക്കമുള്ള നവമാധ്യങ്ങളിലൂടെയുള്ള ചോര്‍ത്തല്‍ ആയിതനാല്‍ കുറ്റം ഐ.ടി നിയമ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ വന്‍പരാജയമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കി.
ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയും പ്രതീക്ഷയുമാണ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിലൂടെ തകര്‍ത്തതെന്നായിരന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. നമ്മുടെ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് എക്കാലവും സംരക്ഷിച്ചിരുന്നു. ആര്‍.എസ്.എസ്സും ബി.ജെ.പിയും ചേര്‍ന്ന് നമ്മുടെ സ്ഥാപനങ്ങളെ തകര്‍ക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. എന്നെ വിശ്വസിക്കൂ, ഇതൊരു തുടക്കം മാത്രമാണ്. രാഹുല്‍ ഗാന്ധി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഓരോ വിഷയങ്ങളുടെ പരീക്ഷകളാണ് റദ്ദാക്കിയത്. 10-ാം ക്ലാസിലെ കണക്ക്, 12-ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ പരീക്ഷാ തിയ്യതി തിങ്കാളാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും.