സ്ത്രീവിരുദ്ധ പരാമര്‍ശം, ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യം; സി.ബി.എസ്.സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ഇംഗ്ലീഷ്, സോഷ്യോളജി വിദഗ്ധരെ പുറത്താക്കി
national news
സ്ത്രീവിരുദ്ധ പരാമര്‍ശം, ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യം; സി.ബി.എസ്.സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ഇംഗ്ലീഷ്, സോഷ്യോളജി വിദഗ്ധരെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd January 2022, 11:59 am

ന്യൂദല്‍ഹി: സി.ബി.എസ്.സി ചോദ്യപ്പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയ വിദഗ്ധരെ ചോദ്യപ്പേപ്പര്‍ നിര്‍ണയ സമിതിയില്‍ നിന്ന് പുറത്താക്കി. ഇംഗ്ലീഷ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ വിദഗ്ധരെയാണ് സമിതിയില്‍ നിന്നും പുറത്താക്കിയത്.

സി.ബി.എസ്.സിയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ചോദ്യങ്ങള്‍ തയാറാക്കി എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് രണ്ട് പേരെ പുറത്താക്കിയത്.

സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

നവംബര്‍-ഡിസംബര്‍ മാസങ്ങളിലായിരുന്നു ആദ്യ ടേം പരീക്ഷ നടന്നത്. പരീക്ഷക്കെതിരെ വ്യാപകമായി പരാതിയുമുയര്‍ന്നിരുന്നു.

ഏത് സര്‍ക്കാരിന്റെ കാലത്താണ് ഗുജറാത്ത് കലാപം നടന്നത് എന്ന് 12ാം ക്ലാസ് സോഷ്യോളജി പരീക്ഷാ പേപ്പറില്‍ ചോദ്യമുണ്ടായിരുന്നു. 10ാം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശവും വലിയ ചര്‍ച്ചയായിരുന്നു.

സ്ത്രീ ശാക്തീകരണവും, സ്ത്രീ-പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികള്‍ക്ക് മേല്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള സ്വാധീനം കുറച്ചെന്നുമുള്ള ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ പരാമര്‍ശങ്ങളായിരുന്നു വിവാദമായത്.

‘ഭാര്യമാരുടെ വിമോചനം’ കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കിയെന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് വിവാദത്തിലേക്ക് വഴിവച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ലോകസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. പിന്നാലെ ചോദ്യങ്ങള്‍ പിന്‍വലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കുമെന്ന് സി.ബി.എസ്.സി അറിയിച്ചിരുന്നു.

ഇതേത്തുടര്‍നാനണ് ചോദ്യപ്പേപ്പര്‍ തയാറാക്കിയവര്‍ക്കെതിരെ സി.ബി.എസ്.സി നടപടിയെടുത്തത്. അതേസമയം പുറത്താക്കിയവരുടെ പേര് വിവരങ്ങള്‍ സി.ബി.എസ്.സി പരസ്യമാക്കിയിട്ടില്ല.

ചോദ്യപ്പേപ്പര്‍ തയാറാക്കിയ പ്രക്രിയ അവലോകനം ചെയ്യാനായി മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പവനേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെയും സി.ബി.എസ്.സി നിയമിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CBSE drops subject experts who set controversial Sociology, English question papers