ന്യൂദല്‍ഹി: പെണ്ണഴകിന്റെ ശാരീരിക അനുപാതം വിവരിക്കുന്ന സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകം വിവാദമാകുന്നു. പന്ത്രണ്ടാം ക്ലാസ് ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പാഠപുസ്തകത്തില്‍ സ്ത്രീകളുടെ അഴകളവുകളെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
36-24-36 ശാരീരിക അനുപാതമാണ് ഉദാത്തമായ ശരീരമാതൃക എന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്. മിസ് വേള്‍ഡ്, മിസ് യൂണിവേഴ്സ് മത്സരങ്ങളില്‍ പരിഗണിക്കുന്ന അളവുകള്‍ ഇതാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്.
സ്ത്രീയുടെയും പുരുഷന്റെയും ശരീരഘടനയില്‍ വലിയ വ്യത്യാസമുണ്ടെന്നും ഈ അളവിലുള്ള ശരീരമുള്ള സ്ത്രീകളുടേതാണ് മികച്ച ശരീര പ്രകൃതിയെന്നും പുസ്‌കത്തില്‍ പറയുന്നു. പാഠപുസ്‌കത്തിലെ വിവാദ ഭാഗങ്ങള്‍ ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്.
ശരീരഭംഗി യാദൃശ്ചികമായി ലഭിക്കില്ല അതിന് ദിവസവും കൃത്യമായ വ്യായാമം ആവശ്യമാണെന്നും “വി” ഷേപ്പാണ് ആണുങ്ങള്‍ക്ക് അനുയോജ്യമായ ശരീര ആകൃതിയെന്നും പുസ്തക്തതില്‍ പറയുന്നുണ്ട്. സ്ത്രീവിരുദ്ധപരാമര്‍ശമാണ് എന്‍.സി.ഇ.ആര്‍.ടി അംഗീകരിച്ച പുസ്‌കത്തിലുള്‍പ്പെട്ടതെന്ന പേരില്‍ പുസ്തകത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.