| Wednesday, 17th April 2019, 5:59 pm

ജനാധിപത്യം, വൈവിധ്യം, ജനകീയ പ്രക്ഷോഭങ്ങള്‍ തുടങ്ങിയ പാഠഭാഗങ്ങള്‍ മൂല്യനിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കി സി.ബി.എസ്.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയില്‍ ജനാധിപത്യം, വൈവിധ്യം, ജനകീയ പ്രക്ഷോഭങ്ങള്‍ തുടങ്ങിയ പാഠഭാഗങ്ങള്‍ മൂല്യനിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഹയര്‍സെക്കണ്ടറി എഡ്യൂക്കേഷന്റേതാണ് (സി.ബി.എസ്.സി )അന്തിമ തീരുമാനം. 2019-20 അക്കാദമിക് വര്‍ഷം മുതല്‍ തീരുമാനം നടപ്പില്‍ വരുത്തും.

മൂന്ന് പാഠഭാഗങ്ങളാണ് പരീക്ഷ പാഠ്യ വിഷയ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍ തുടങ്ങിയ പാഠ ഭാഗങ്ങളാണ് മൂല്യനിര്‍ണ്ണയം നടത്തുന്നതില്‍ നിന്നും ഒഴിവാക്കിയത്. ഡെമോക്രാറ്റിക് പൊളിറ്റിക്‌സിന്റെ ബുക്കിന്റെ ഒന്നാം ഭാഗത്തില്‍ നിന്നുള്ള പാഠഭാഗങ്ങളാണിവ.

എന്നാല്‍ സി.ബി.എസ്.സിയുടെ തീരുമാനത്തിനെതിരെ മുന്‍ എന്‍.സി. ഇ.ആര്‍.ടി ചീഫ് കൃഷ്ണ കുമാര്‍ വിയോജിപ്പ് അറിയിച്ചു. 2005 ല്‍ കുട്ടികളില്‍ അഭിരുചി വളര്‍ത്തുന്നതിന് വേണ്ടി വളരെ സൂഷ്മതയോടെ നിര്‍മ്മിച്ച സിലബസാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

സി.ബി.എസ്.സിയുടെ ഈ തീരുമാനത്തില്‍ അധ്യാപകരും വിയോചിപ്പ് അറിയിച്ചു. ഇത്തരം പാഠഭാഗങ്ങള്‍ വെട്ടികുറക്കുന്നത് അതിന്റെ പ്രാധാന്യം ഇല്ലാതാകുമെന്നും വിദ്യാര്‍ത്ഥികളില്‍ അതിനോടുള്ള താല്‍പ്പര്യം കുറക്കുമെന്നും അധ്യാപകര്‍ പറയുന്നു.

യൂണിറ്റ് ടെസ്റ്റുകളിലും പ്രാഥമിക പരീക്ഷകളിലും വിലയിരുത്തലിനായി ഈ പാഠഭാഗങ്ങള്‍ ഉപയോഗിക്കാമെങ്കിലും, ബോര്‍ഡ് പരീക്ഷ ചോദ്യപ്പേപ്പുകളില്‍ ഇവ ഉള്‍പ്പെടുത്താത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഇതിലുള്ള ആഴത്തിലുള്ള പഠനങ്ങള്‍ നടത്തുകയില്ലെന്ന് നോയ്ഡ കേന്ദ്രീകൃതമായ സി.ബി.എസ്.ഇ. സ്‌കൂള്‍ ടീച്ചേര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more