തൃശൂര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കൊച്ചിയില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് തൃശൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിനെതിരെ സി.ബി.എസ്.ഇയും വിദ്യാഭ്യാസ വകുപ്പും. മതധ്രുവീകരണം നടത്തിയതിന് സ്‌കൂളിന്റെ അഫിലിയേഷന്‍ എടുത്തു കളയാതിരിക്കാന്‍ സി.ബി.എസ്.ഇയാണ് ആദ്യം വിശദീകരണം ആവശ്യപ്പെട്ടത്. തൊട്ടു പിന്നാലെ വിദ്യഭ്യാസ വകുപ്പും സ്‌കൂളില്‍ പരിശോധന നടത്തി നടപടിയെടുക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ്.
മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ചാവക്കാട് ഡി.ഇ.ഒയാണ് സ്‌കൂളില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിയത്.
സമരം ചെയ്യിക്കാനല്ല കുട്ടികളെ ജനകീയ സമര വേദികളില്‍ കൊണ്ടുപോകുന്നതെന്നും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണെന്നും സ്‌കൂള്‍ സി.ബി.എസ്.ഇക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്.
അതേസമയം വിദ്യാര്‍ത്ഥികളെ കൊണ്ടു പോയതില്‍ തെറ്റില്ലെന്ന് കരുതുന്നതായി സ്‌കൂള്‍ മാനേജര്‍ ഹുസൈന്‍ പി.ടി മുഹമ്മദ് ഹൂസൈന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. മലയാള മനോരമ പത്രത്തില്‍ വന്ന ഒരു ചിത്രം ചൂണ്ടിക്കാട്ടി ഒരു അമേരിക്കന്‍ മലയാളിയാണ് സി.ബി.എസ്.ഇക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ കോപ്പി കിട്ടിയിട്ടുണ്ടെന്നും ഹുസൈന്‍ പറഞ്ഞു.
കന്യാസ്ത്രീ സമരത്തില്‍ തങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ കുട്ടികളുമായി ചെന്ന് പങ്കെടുത്തത് പ്രവൃത്തി ദിവസമല്ലാത്ത ശനിയാഴ്ചയായിരുന്നു. ഇരുപത്തിയഞ്ചോളം കുട്ടികളും അധ്യാപകരുമാണ് പോയിരുന്നത്. താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം എന്ന തരത്തില്‍ രക്ഷിതാക്കളുടെ പൂര്‍ണ്ണസമ്മതത്തോടെയും യാതൊരു സമ്മര്‍ദ്ദവും ചെലുത്താതെയാണ് കുട്ടികളെ കൊണ്ടുപോയതെന്നും ഹുസൈന്‍ പറഞ്ഞു.
സ്‌കൂളില്‍ പരിശോധന നടത്തിപ്പോയവര്‍ ഇതുകൊണ്ട് അവസാനിക്കുകയില്ലെന്ന് പറഞ്ഞാണ് പോയത്. ഇനിയും തുടര്‍ നടപടികളുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചത്. സാധാരണ നടപടികളുടെ ഭാഗമാണോ അല്ലെങ്കില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്നുള്ളതൊന്നും അറിയില്ല. സ്‌കൂളിന് നേരെ ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുമെന്നത് പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ട് നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ഹുസൈന്‍ പറഞ്ഞു.
“കുട്ടികള്‍ക്കിടയില്‍ വിഭാഗീയ ചിന്ത വളരാതിരിക്കാനും സാമൂഹ്യ ബോധമുള്ളവരാക്കാനുമാണ് ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത്. മനുഷ്യരെ മനുഷ്യരായി കാണാനും എല്ലാവരുടെയും പ്രശ്നങ്ങള്‍ ഒന്നായി കാണാനുമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍ മതധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഞാന്‍ ഒരു മുസ്ലിം മതവിശ്വാസിയായത് കൊണ്ട് സകൂള്‍ മുസ്ലിം സ്ഥാപനമാവണമെന്നില്ല. വിശ്വാസം വ്യക്തിപരമായ കാര്യമാണ്. ഒരു തരത്തിലുള്ള ഹിഡന്‍ അജണ്ടകളുടെയും അടിസ്ഥാനത്തിലല്ല സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും കുട്ടികളെ മനുഷ്യരായി ജീവിക്കാന്‍ പഠിപ്പിക്കുക എന്നുള്ളതാണ്.” ഹുസൈന്‍ പറഞ്ഞു.
സ്‌കൂള്‍ ആരംഭിച്ചതിന് ശേഷം 25 വര്‍ഷമായി കുട്ടികളെയും കൊണ്ട് ജനകീയസമര വേദികള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും എന്നാലിപ്പോള്‍ മാത്രമാണ് വിശദീകരണം ചോദിച്ചതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈനബ ടീച്ചര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
തൃശൂര്‍ ജില്ലയിലെ കിരാലൂരിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പഠനത്തിനൊപ്പം സാമൂഹ്യ പ്രതിബദ്ധത എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന സല്‍സബീല്‍ ഗ്രീന്‍ സ്‌കൂള്‍ ബദല്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ ജനകീയ സമരങ്ങളെയടക്കം പരിചയപ്പെടുത്താറുണ്ട്.
നേരത്തെ നര്‍മ്മദാ സമരത്തില്‍ പങ്കെടുക്കുന്നതിനിടെ സല്‍സബീലിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുജറാത്ത് പൊലീസിന്റെ മര്‍ദ്ദനമേറ്റത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി നര്‍മദയിലെ ആദിവാസികളുടെ രക്ഷയ്ക്കായി മേധാ പട്കര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണ് സല്‍സബീലിലെ വിദ്യാര്‍ത്ഥികള്‍.
രാജ്യത്തെ ജനകീയ കൂട്ടായ്മകളുടെ കീഴിലുള്ള നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റിന്റെ (National Alliance of People”s Movements (NAPM)) ദ്വൈവാര്‍ഷിക കണ്‍വെന്‍ഷന്‍ 2012ല്‍ കേരളത്തില്‍ നടന്നപ്പോള്‍ സല്‍സബീല്‍ സ്‌കൂളാണ് വേദിയായിരുന്നത്.