കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ യഥാര്‍ത്ഥകുറ്റവാളികള്‍ സി.ബി എസ്.സി ആണെന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍. ശിക്ഷിക്കുന്നുണ്ടെങ്കില്‍ ശിക്ഷിക്കേണ്ടത് അവരെയാണ്. അല്ലാതെ നിസാര ശമ്പളം വാങ്ങുന്ന പാവം അധ്യാപികമാരെ അല്ല. കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ മുഖ്യമന്ത്രിയെ നന്നായി പ്രതികരിച്ചു. എന്നാല്‍ അത് നിയമസഭയില്‍ വേണ്ടത്ര ചര്‍ച്ചയായില്ല എന്നും ടി പത്മനാഭന്‍ കുറ്റപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ മാപ്പ് പോലും പറയാതെ സങ്കടം പ്രകടിപ്പിച്ച് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. എല്ലാ കുറ്റവും അധ്യാപികമാരുടെ തലയിലിട്ട് വരേണ്യ വര്‍ഗ്ഗത്തിന്റെ പ്രസ്ഥാനമായ സി.ബി.എസ്.സിക്ക് ഒഴിയാന്‍ സാധിക്കില്ല എന്നും ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ ധരിച്ച ബ്രാ അടക്കം ഊരി മാറ്റിച്ച സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും കുറ്റക്കാരായ അധ്യാപികമാരെ കണ്ണൂരിലെ ടിസ്‌ക് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കേരള പോലീസും കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.