കൊച്ചി: കോളിളക്കം സൃഷ്ടിച്ച സമ്പത്ത് കസ്റ്റഡി മരണം അന്വേഷിച്ച സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്.പി ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജഡ്ജി ബി. വിജയനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഹരിദത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ ജഡ്ജി ബി. വിജയനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ആത്മഹത്യ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിജയനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.
ആലപ്പുഴ അഡീഷണല്‍ ജില്ലാ ജഡ്ജിയാണ് ബി. വിജയന്‍. എറണാകുളം ഞാറക്കലിലെ വീട്ടിലാണ് ഹരിദത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ഹരിദത്ത് വധ ഭീഷണിയും വധശ്രമവും നേരിട്ടിരുന്നു. ഇക്കാര്യം പരാതിപ്പെട്ട ഹരിദത്തിന് സായുധ പൊലിസ് സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് ഹരിദത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയ്ക്ക് പിന്നില്‍ തന്റെ സഹപ്രവര്‍ത്തകരാണെന്ന് ഹരിദത്ത് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. രണ്ട് സഹപ്രവര്‍ത്തകര്‍ തന്നെ നിര്‍ബന്ധിച്ച് എല്ലാം ചെയ്യിച്ച് ചതിയില്‍ പെടുത്തുകയായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ ഹരിദത്ത് വ്യക്തമാക്കിയിരുന്നു. ചില കാര്യങ്ങള്‍ ചെയ്യാന്‍ മജിസ്‌ട്രേറ്റ് ഒരുപാട് നിര്‍ബന്ധിച്ചുവെന്നും ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു.