[]കൊച്ചി: നെടുമ്പാശ്ശേരി വിമാനതാവളം വഴി വന്‍ തോതില്‍ കള്ളക്കടത്ത് നടത്താന്‍ ഒത്താശ ചെയ്ത് കൊടുത്തതിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ കേസെടുത്തു. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ സി മാധവനെതിരെയാണ് സി.ബി.ഐ കേസെടുത്തത്.
അഴിമതി നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തത്. വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ നടപടിയെന്നാണ് സൂചന. എഫ്.ഐ.ആര്‍ നാളെ കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കും.
സി മാധവനെ കേസിലെ ഒന്നാം പ്രതിയാക്കും. പ്രിവന്റീവ് ഓഫിസര്‍ സുനില്‍കുമാറിനെതിരേയും കേസെടുക്കും. കസ്റ്റംസ് ഉദ്ദ്യോഗസ്ഥരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ നിര്‍ണായ വിവരങ്ങള്‍ കണ്ടെത്തിയതായാണ് സൂചന.
എഫ്‌ഐആര്‍ സമര്‍പ്പിച്ച ശേഷം നാളെയോടെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്. കള്ളക്കടത്തിനുള്ള സഹായമായി ഉദ്ദ്യോഗസ്ഥര്‍ വലിയ തോതിലുള്ള പാരിതോഷികങ്ങള്‍ സ്വീകരിച്ചുവെന്നാണ് ആരോപണം.
ഇത് സംബ്ന്ധിച്ച തെളിവെടുപ്പിനായാണ് കസ്റ്റംസ് ഉദ്ദ്യോഗസ്ഥര്‍ ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. സ്വര്‍ണം കടത്തിക്കൊണ്ട് വന്ന സ്ത്രീകളെ ടെര്‍മിനലിന് പുറത്തെത്തിച്ചതില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കിനെ കുറിച്ചും സി.ബി.ഐ ഇവരില്‍ നിന്ന് അന്വേഷിച്ചറിയും.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് പര്‍ദ ധരിച്ചെത്തിയ രണ്ട് യുവതികളില്‍ നിന്ന് 20 കിലോ സ്വര്‍ണം പിടികൂടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഹാരിസ്, ഭാര്യ ആരിഫ, കോഴിക്കോട് സ്വദേശിനി അസിഫ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.