[] ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സി.ബി.ഐ ചോദ്യം ചെയ്‌തേക്കില്ല. മന്‍മോഹന്‍ സിങിനെതിരെ തെളിവില്ലാത്തതിനാലാണ് തീരുമാനം.
ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരാഖ് എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ അവസാനിപ്പിക്കുന്നതും സി.ബി.ഐ പരിഗണനയിലുണ്ട്.കല്‍ക്കരിപ്പാടം കേസില്‍ ഉന്നതര്‍ ഉള്‍പ്പട്ട കേസുകളാണ് സി.ബി.ഐ അവസാനിപ്പിക്കുന്നത്.
പ്രമുഖ വ്യവസായി കുമാരമംഗലം ബിര്‍ലയുടെ ഉടമസ്ഥതയിലുളള ഹിന്‍ഡാള്‍കോയ്ക്ക് കല്‍ക്കരിപ്പാടം നല്‍കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇടപ്പെട്ടുവെന്നായിരുന്നു കേസ്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ശുപാര്‍ശയെ തുടര്‍ന്ന് കല്‍ക്കരി സെക്രട്ടറി പി.സി പരേഖാണ് ഹിന്റാള്‍കോയ്ക്ക് യോഗ്യതയുണ്ടെന്ന് അറിയിച്ചത്.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായരെ ചോദ്യം ചെയ്തതില്‍ നിന്ന് തന്നെ ആവശ്യമായ വിവരങ്ങള്‍ ലഭിച്ചതായി സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ മന്‍മോഹനെ ചോദ്യം ചെയ്യില്ല. അതേസമയം കുമാരമംഗലം ബിര്‍ളയ്ക്കും പി.സി പരേഖിനും എതിരായ കേസുകള്‍ അവസാനിപ്പിക്കുന്നതിനായി ഫയലുകള്‍ അന്വേഷണസംഘം സി.ബി.ഐ ഡയറക്ടര്‍ക്ക് കൈമാറി. അഴിമതി വഞ്ചനാ കുറ്റങ്ങള്‍ പ്രകാരമായിരുന്നു ഇവര്‍ക്കെതിരായ അന്വേഷണം.