മലപ്പുറം: 2018ല്‍ കുറ്റിപ്പുറം പാലത്തിനടിയില്‍ ദുരൂഹ സാഹചര്യത്തില്‍ സൈനികായുധങ്ങള്‍ കാണപ്പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് മെല്ലെപ്പോക്ക്. സി.ബി.ഐ ക്കാണ് അന്വേഷണച്ചുമതല. സി.ബി.ഐ അന്വേഷണം ആരംഭിക്കുക ഡിപ്പോകളില്‍ നിന്നും ഏത് സൈനിക യൂണിറ്റുകള്‍ക്കാണ് ആയുധങ്ങള്‍ കൈമാറിയത് എന്നതിനെ കേന്ദ്രീകരിച്ചായിരിക്കും.
സംഭവം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ജൂലൈയില്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.
ദുരൂഹസാഹചര്യത്തില്‍ സൈനികായുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടലുളവാക്കുന്ന കാര്യങ്ങളായിരുന്നു കണ്ടത്. വന്‍നാശത്തിന് ശേഷിയുള്ള 5 ക്ലേമോര്‍ മൈനുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ആറ് പള്‍സ് ജനറേറ്ററുകള്‍, ഇവയെ ബന്ധിപ്പിക്കുന്ന കേബിളുകള്‍, ഗ്രനേഡുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ എന്നിവയാണ് പാലത്തിന്റെ അഞ്ചാം തൂണിനടുത്തുള്ള വെള്ളക്കെട്ടിനടുത്തുനിന്നും കണ്ടെത്തിയത്.
ചാക്കില്‍ നിറച്ചായിരുന്നു ആയുധങ്ങള്‍ കണ്ടെത്തിയത്. ഇവയെല്ലാം സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ചതുപ്പില്‍ സൈനികവാഹനങ്ങള്‍ താഴ്ന്ന് പോകാതിരിക്കാനുള്ള ഷീല്‍ഡുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ആയുധ നിര്‍മാണശാലയില്‍ നിന്നുള്ളതായിരുന്നു കണ്ടത്തിയ ആയുധങ്ങളെന്ന് വ്യക്തമായി.
2001 ലാണ് ഇവ നിര്‍മ്മിച്ചത്. പുല്‍ഗാവ്, പൂനെ എന്നിവിടങ്ങളിലെ ഡിപ്പോകളിലേക്ക് കൈമാറിയ ആയുധങ്ങളായിരുന്നു പാലത്തിനടിയില്‍ കണ്ടെത്തിയത്. ഇത് ഏതു വിധത്തില്‍ കുറ്റിപ്പുറത്ത് എത്തിയെന്ന അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം ഡി.സി.ആര്‍.ബി ഡി.വൈ.എസ.്പി ജയ്സണ്‍ കെ എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലെത്തി അന്വേഷണം നടത്തി. മഹാരാഷ്ട്രയിലെ രണ്ട് ആയുധഫാക്ടറികളിലും വിവരങ്ങള്‍ തേടിയെങ്കിലും സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായത് നിസ്സഹകരണമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രേഖകള്‍ പരിശോധിക്കാന്‍ സൈന്യം അനുവാദം നല്‍കാത്തത് ചുണ്ടിക്കാട്ടി ഡി.ജി.പി രണ്ടു തവണ സൈന്യത്തിന് കത്തയച്ചു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് കത്തിന് മറുപടി കിട്ടിയത്.
പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ പഴയതാണെന്നും ഡിജിറ്റല്‍ രേഖകളില്ലാത്തിനാല്‍ ഇവ ലഭ്യമാക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്നുമായിരുന്നു മറുപടി. ഇതിനിടെ മലപ്പുറത്ത് സൈനിക ഇന്റലിജന്‍സ് വിഭാഗം വിവരശേഖരണം നടത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള കേസ് ആയതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിയോ സിബിഐയോ അന്വേഷിക്കണമെന്ന പൊലീസ് ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. പൂനയിലെയും പുല്‍ഗാവിലെയും ഡിപ്പോകളില്‍ ആണ് പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. അന്വേഷണവുമായി സൈന്യം ഇപ്പോഴും പൂര്‍ണ്ണമായി സഹകരിച്ചിട്ടില്ല. വിവരങ്ങളൊന്നും സൈന്യത്തില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ