തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കും. ശുഹൈബിന്റെ പിതാവിന്റെ ഹര്‍ജിയിന്‍മേലാണ് ഹൈക്കോടതി നടപടി.
ജസ്റ്റിസ് കമാല്‍ പാഷയുടേതാണ് ഉത്തരവ്. സത്യം പുറത്ത് വരാന്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കോടതി. പുതിയ കേസെന്ന നിലയ്ക്ക് സി.ബി.ഐയ്ക്ക് അന്വേഷിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Related News: ശുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ ; രാഷ്ട്രീയക്കൊല നിര്‍ത്തണമെന്ന് ഹൈക്കോടതി
ശരിയായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കാന്‍ കഴിയും. ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കഴിയില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണ് ശുഹൈബിന്റേതെന്നും പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസന്വേഷിച്ച പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. പൊലീസ് അന്വേഷണത്തില്‍ ശുഹൈബിന്റെ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ കേസിലുള്ള പ്രതികള്‍ ആരുടെയോ കൈയിലെ ആയുധങ്ങളാണ്. അന്വേഷണ സംഘത്തിന്റെ കൈ കെട്ടിയതായി തോന്നുന്നു. പ്രതികളെ കൈയ്യില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. ആയുധങ്ങള്‍ കണ്ടെത്തിയെന്നു പറയുന്നത് കണ്ണില്‍ പൊടിയിടാനാണെന്നും കോടതി പറഞ്ഞു.
നേരത്തെ ശുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
കോടതി പറഞ്ഞാല്‍ ശുഹൈബ് വധക്കേസ് അന്വേഷിക്കാം. നിലവില്‍ കേസ് ഡയറി പരിശോധിക്കാനുള്ള അനുമതി സി.ബി.ഐക്കില്ല. അതുകൊണ്ട് തന്നെ കേസിന്റെ നിലവിലെ അവസ്ഥ അറിയില്ല. കോടതി നിര്‍ദേശിച്ചാല്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സി.ബി.ഐ പറഞ്ഞിരുന്നു.