| Wednesday, 30th September 2015, 1:52 pm

ഷീന ബോറ കൊലക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ഷീന ബോറ കൊലക്കേസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത സി.ബി,  പ്രതികളായ മൂന്നു പേര്‍ക്കുമെതിരെ പ്രഥമവിവര റിപ്പോര്‍ട്ടും ഫയല്‍ ചെയ്തു. ഷീനബോറയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി, ഇവരുടെ മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ പിന്തുരാം റായ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം ഷീന ബോറയ്ക്ക് വിഷം നല്‍കിയ കുറ്റത്തിന് ചുമത്താമായിരുന്ന ഐപിസി സെക്ഷന്‍ 328 മുംബൈ പോലീസ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സി.ബി.ഐ പറഞ്ഞു.  കൊലപാതകത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തെന്ന് സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സി.ബി.ഐയ്ക്ക് കണ്ടെത്താനുള്ളത്.

മഹാരാഷ്ട്രാ സര്‍ക്കാറിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് കേസ് സി.ബി.ഐ. ഏറ്റെടുത്തത്. പിന്നീട് ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ ആയിരുന്നു കേസന്വേഷിച്ചത്. മരിയയെ പിന്നീട് അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി അഹമ്മദ് ജാവേദിന് പകരം ചുമതല നല്‍കുകയായിരുന്നു.

എന്നാല്‍ ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായി അഹമ്മദ് ജാവേദിന് അടുത്ത ബന്ധമുള്ളതിനാലാണ് കേസ് സി.ബി.ഐയ്ക്കു വിടാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തീരുമാനിച്ചത്. മുംബൈ പോലീസ്, കേസിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴായിരുന്നു ഈ തീരുമാനം.

രണ്ട് വനിതാ  ഓഫീസര്‍മാരായിരിക്കും ഇനി കേസില്‍ അന്വേഷണം നടത്തുകയെന്നും ലത മനോജ് കുമാര്‍ ഐ.പി.എസ് , നിനാ സിങ് ഐ.പി.എസ് എന്നിവരായിരിക്കുമെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം

We use cookies to give you the best possible experience. Learn more