ന്യൂദല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു രാജിവെച്ച റിട്ട. ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി. നിയമനടപടികളുമായി സി.ബി.ഐക്കു മുന്നോട്ടുപോകാമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഒരു മന്ത്രിക്കെതിരായ തട്ടിപ്പുകേസില്‍ അനുകൂല വിധിക്കായി പണം വാങ്ങിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഈ പണം ഉപയോഗിച്ച് ചെന്നൈയില്‍ ഫ്‌ളാറ്റ് സ്വന്തമാക്കിയെന്നും ആരോപണമുണ്ട്.
3.18 കോടി രൂപയുടെ രണ്ട് ഫ്‌ളാറ്റുകളാണ് താഹില്‍ രമണി വാങ്ങിയത്. ഇതില്‍ ഒന്നരക്കോടി വായ്പയെടുത്തതാണ്. ബാക്കി തുകയുടെ സ്രോതസ്സ് വെളിപ്പെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.
ഓഗസ്റ്റ് 28നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ കൊളീജിയം താഹില്‍രമണിയെ മേഘാലയിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടത്. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപ്പീല്‍.
രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അയച്ചത് അസ്വാഭാവിക നടപടിയായിട്ടാണ് താഹില്‍രമണി വിലയിരുത്തിയത്. രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളാണു വിജയ താഹില്‍രമണി. മദ്രാസ് ഹൈക്കോടതിയില്‍ 75 ജഡ്ജിമാരുള്ളപ്പോള്‍ മേഘാലയയില്‍ മൂന്നു പേരാണുള്ളത്.
മേഘാലയ ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെയാണ് മദ്രാസ് ഹൈക്കോടതിയിലേക്ക് കൊളീജിയം പകരം സ്ഥലം മാറ്റിയത്.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളുടെയും ശിക്ഷ ശരിവച്ച ജഡ്ജിയാണ് വിജയ കമലേഷ് താഹില്‍രമണി. നേരത്തെ മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന താഹില്‍ രമണി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാവുന്നത്.