| Wednesday, 5th February 2014, 10:17 am

കരുണാനിധിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ പുറത്തു വിട്ട ടേപ്പ് സി.ബി.ഐ പരിശോധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതിയില്‍ ഡി.എം.കെ നേതാവ് കരുണാനിധിയും മകള്‍ കനിമൊഴിയും നേരിട്ട് ഇടപെട്ടതായി പ്രശാന്ത് ഭൂഷണ്‍ പുറത്തു വിട്ട ടേപ്പ് സി.ബി.ഐ തെളിവായി പരിശോധിക്കും.

സംഭാഷണ ടേപ്പ് ലഭിക്കുന്നതിനായി ശ്രമം നടക്കുന്നുണ്ടെന്നും പുറത്തുവിട്ട ടേപ്പ് തങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് സി.ബി.ഐ സംഘം ചെന്നൈയില്‍ എത്തിയെന്ന വാര്‍ത്ത സി.ബി.ഐ നിഷേധിച്ചു. ടേപ്പ് പൂര്‍ണ്ണമായും പരിശോധിച്ചതിനു ശേഷമേ തുടര്‍നടപടി സ്വീകരിക്കുകയൊള്ളൂ എന്നും സി.ബി.ഐ പറഞ്ഞു.

കനിമൊഴി, തമിഴ്‌നാട് ഇന്റലിജന്‍സ് വിഭാഗം എ.ഡി.ജി.പി ആയിരുന്ന എം.എസ് ജാഫര്‍ സേട്ട്, കലൈഞ്ചര്‍ ടി.വി മുന്‍ എം.ഡിയായ ശരത് കുമാര്‍ റെഡ്ഢി, കരുണാനിധിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണം ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷണ്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.

കരുണാനിധിയേയും മകള്‍ കനിമൊഴിയേയും അഴിമതിയുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന ശബ്ദരേഖകളാണ് പുറത്തുവന്നത്.

കലൈഞ്ചര്‍ ടിവിക്ക് 215 കോടി നല്‍കിയത് അഴിമതിയുടെ ഭാഗമാണെന്നും ഇത് വായ്പയായി വരുത്തിതീര്‍ക്കാന്‍ ശ്രമം നടന്നതായും സംബന്ധിച്ച ശബ്ദരേഖയാണ് സംഭാഷണങ്ങള്‍ക്കാധാരം.

കേന്ദ്രമന്ത്രിയായിരുന്ന എ രാജ, ഡി.എം.കെ എം.പി കനിമൊഴി, കലൈഞ്ചര്‍ ടി.വി എം.ഡി ശരത്കുമാര്‍ എന്നിവര്‍ ടുജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ടു ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

We use cookies to give you the best possible experience. Learn more