ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തുടരന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ നമ്പി നാരായണനെ മനപ്പൂര്‍വ്വം കുരുക്കിയതാണെന്നും കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. നമ്പി നാരായണന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.
അതേസമയം കേസന്വേഷണത്തിന് ഉടന്‍ ഉത്തരവിടാമെന്ന് കോടതി അറിയിച്ചു. അതോടൊപ്പം ചാരക്കേസില്‍ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഇടാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ALSO READ: ഐ.എസ്.ആര്‍.ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല
വീടും സ്ഥലവും വിറ്റായാലും ഉദ്യോഗസ്ഥര്‍ പണം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നേരത്തേ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, റിട്ടയര്‍ഡ് എസ്.പി എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ നമ്പി നാരായണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഈ ഹര്‍ജിയില്‍ വാദം തുടരുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ആലോചിക്കുകയാണെന്ന് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കവെ പറഞ്ഞിരുന്നു.
ALSO READ: ചാരക്കേസ് അമേരിക്കന്‍ സ്വാധീനത്തില്‍ കെട്ടിച്ചമച്ചതെന്ന വാദം സാങ്കല്പികം: സിബി മാത്യൂസ്
1994 ലായിരുന്നു ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. ശാസ്ത്രജ്ഞരായ നമ്പി നാരായണനും ശശികുമാറും ക്രയോജനിക് സാങ്കേതിക വിദ്യയുടെ രഹസ്യം പാക്കിസ്ഥാനടക്കമുള്ള വിദേശരാജ്യങ്ങള്‍ക്കു ചോര്‍ത്തിയെന്നായിരുന്നു കേസ്.
ബംഗളുരുവിലെ കരാറുകാരന്‍ എസ്.കെ. ശര്‍മ, റഷ്യന്‍ ഏജന്റ് ചന്ദ്രശേഖര്‍, മാലിദ്വീപ് നിവാസികളായ മറിയം റഷീദ, ഫൗസിയ ഹസന്‍, ശാസ്ത്രജ്ഞരായ നമ്പി നാരായണന്‍, ശശികുമാര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അന്ന് ഡി.ജി.പിയായിരുന്ന രമണ്‍ ശ്രീവാസ്തവ ആദ്യം പ്രതിപ്പട്ടികയിലുണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.