| Wednesday, 5th September 2018, 8:06 am

നജീബ് തിരോധാനത്തില്‍ അന്വേഷണം പൂര്‍ണമെന്ന് സി.ബി.ഐ; കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി സി.ബി.ഐ. ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ സാധ്യമായ എല്ലാ വശങ്ങളില്‍ നിന്നും പരിശോധന നടത്തിക്കഴിഞ്ഞെന്നും അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നുമാണ് സി.ബി.ഐ കോടതിയെ ധരിപ്പിച്ചത്.

കേസില്‍ ലഭ്യമായ തെളിവുകളനുസരിച്ച് പരിശോധിക്കുമ്പോള്‍ കാണാതായ വ്യക്തിയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നു വേണം കരുതാനെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍ നിഖില്‍ ഗോയല്‍ പറയുന്നു. സി.ആര്‍.പി.സി. സെക്ഷന്‍ 169നു കീഴിലാണ് സി.ബി.ഐ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്. തെളിവുകള്‍ അപര്യാപ്തമാകുമ്പോള്‍ കുറ്റാരോപിതനെ വെറുതെവിടാന്‍ നിര്‍ദ്ദേശിക്കുന്ന വകുപ്പാണിത്.

2016 ഒക്ടോബറില്‍ കാണാതായ നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അതേ വര്‍ഷം മാതാവ് ഫാത്തിമ നഫീസ് നല്‍കിയ ഹരജിയിലാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട്. നഫീസിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് സി.ബി.ഐ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Also Read: “നിങ്ങളെ ജീവനോടെ കത്തിച്ചേനേ,പക്ഷേ ഇതൊരു ജനാധിപത്യ രാജ്യമായിപ്പോയി”; മോദിക്ക് മറുപടിയുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ

“കേസില്‍ സി.ബി.ഐയുടെ ഭാഗത്തുനിന്നും നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ല. കുറ്റാരോപിതര്‍ക്ക് അനുകൂലമായ നിലപാടുകളാണ് അവര്‍ സ്വീകരിക്കുന്നത്. എ.ബി.വി.പി പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തെന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അവരെ സംരക്ഷിച്ചേക്കും എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഈ നീക്കം.”

“യജമാനന്മാരുടെ ആജ്ഞയ്ക്കു മുന്നില്‍ സി.ബി.ഐ അടിയറവു പറഞ്ഞിരിക്കുകയാണ്. സത്യസന്ധമായ രീതിയില്‍ കേസന്വേഷണം നടത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു.” ഗോണ്‍സാല്‍വസ് പറയുന്നു. കേസന്വേഷണത്തിലുടനീളം, സുപ്രധാന രേഖകളൊന്നും തന്നെ തങ്ങളുമായി പങ്കുവയ്ക്കാന്‍ സി.ബി.ഐ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

നജീബിനെ ആക്രമിക്കുന്നതിന് ദൃക്‌സാക്ഷികളായ 18 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു നല്‍കിയ പരാതിയില്‍ കുറ്റാരോപിതരായ ഒന്‍പതു വിദ്യാര്‍ത്ഥികളുടെ പേര് എടുത്തു പറയുന്നുണ്ടെങ്കിലും ഇവരെയാരെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. എ.ബി.വി.പി പ്രവര്‍ത്തകരായ ചില വിദ്യാര്‍ത്ഥികളുമായുണ്ടായ സംഘര്‍ഷത്തിനു ശേഷം പിറ്റേ ദിവസമാണ് ജെ.എന്‍.യുവിലെ മഹി-മാണ്ഡ്‌വി ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതായത്.

We use cookies to give you the best possible experience. Learn more