മനീഷ് സിസോദിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; നേതാക്കള്‍ വീട്ടുതടങ്കലിലെന്ന് എ.എ.പി
national news
മനീഷ് സിസോദിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; നേതാക്കള്‍ വീട്ടുതടങ്കലിലെന്ന് എ.എ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th February 2023, 11:11 am

ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചോദ്യം ചെയ്യലിന് പിന്നാലെ നേതാക്കള്‍ വീട്ടുതടങ്കലിലെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. എ.എ.പിയുടെ എം.പിയായ സഞ്ജയ് സിങ് ആണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

സിസോദിയയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി.ബി.ഐ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ലോധി കോളനി പ്രദേശത്തെ റോഡുകള്‍ ബാരിക്കേഡ് വെച്ച് അടച്ചിട്ടുണ്ട്. സിസോദിയയുടെ വീടിന് സമീപത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതെല്ലാം സിസോദിയയെ അറസ്റ്റ് ചെയ്യാനുള്ള കേന്ദ്രത്തിന്റെ നാടകമാണെന്ന് എ.എ.പി വിമര്‍ശിച്ചു.

ദല്‍ഹി പൊലീസിനെ കേന്ദ്ര സര്‍ക്കാര്‍ കളിപ്പാവകളാക്കുകയാണെന്നും നേതാക്കള്‍ വീട്ടുതടങ്കലിലാണെന്നും എ.എ.പി എം.എല്‍.എ അതിഷി പറഞ്ഞു.

അതേസമയം മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ ഇന്ന് സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സി.ബി.ഐ നിര്‍ദേശം.

സി.ബി.ഐ ഓഫീസിലെത്തും മുന്‍പ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിക്കുമെന്ന് സിസോദിയ പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായ സഹകരിക്കും. കുറച്ച് മാസം ജയിലില്‍ കിടക്കേണ്ടി വന്നാലും പ്രശ്‌നമില്ല, രാജ്യത്തിന് വേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്ങിന്റെ അനുയായിയാണ് താനെന്നും സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

ഫെബ്രുവരി 19നാണ് സിസോദിയയെ അവസാനം സി.ബി.ഐ ചോദ്യം ചെയ്തത്. ബജറ്റ് തയ്യാറാക്കാന്‍ സിസോദിയ സമയം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയാണ് പുതിയ മദ്യനയത്തിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.

Content Highlight: CBI to question manish sisodia today; aap says they are under house arrest