| Thursday, 21st December 2017, 5:16 pm

2 ജി സ്‌പെക്ട്രം: കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ നല്‍കിയ തെളിവുകളെ കോടതി ശരിയായി വിലയിരുത്തിയില്ലെന്ന് സി.ബി.ഐ. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും സി.ബി.ഐ വക്താവ് പറഞ്ഞു. സി.ബി.ഐ പ്രത്യേക കോടതി ജസ്റ്റിസ് ഒ പി സെയ്‌നിയാണ് 19 പ്രതികളേയും കുറ്റവിമുക്തരാക്കി ഇന്ന് വിധി പുറപ്പെടുവിച്ചത്.

സി.ബി.ഐ വക്താവ് അഭിഷേക് ദയാലാണ് ഇക്കാര്യം അറിയിച്ചത്. “2 ജി അഴിമതി കേസില്‍ സി.ബി.ഐ കോടതിയുടെ വിധി വന്ന് കഴിഞ്ഞു. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ പ്രകാരം ശിക്ഷ നല്‍കാനുള്ള കാര്യങ്ങള്‍ ഉണ്ട്. ഈ തെളിവുകള്‍ കോടതി ശരിയായ രീതിയില്‍ പഠിച്ചിട്ടില്ല.” അദ്ദേഹം പറഞ്ഞു.

മുന്‍ ടെലികോം മന്ത്രിയായിരുന്ന എ.രാജ, കരുണാനിധിയുടെ മകളും ഡി.എം.കെ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായിയായ ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ജോഷി എന്നിവരടക്കമുള്ള 19 പ്രതികളെയും കുറ്റവിമുക്തരാക്കിയാണ് കോടതി ഇന്ന് വിധി പ്രസ്താവിച്ചിരുന്നത്.

ഒറ്റവരിയിലാണ് കോടതി വിധിപ്രസ്താവം നടത്തിയിരുന്നത്. സി.ബി.ഐ അന്വേഷിച്ച രണ്ടുകേസുകളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസുകളിലെയും വിധിയായിരുന്നു ഇന്ന് പറഞ്ഞത്. 2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് പൂര്‍ത്തിയായത്.

2007-08 കാലയളവില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിരൂപയുടെ അഴിമതി നടന്നതായാണ് സി.എ.ജി വിനോദ് റായ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അഴിമതി തെളിഞ്ഞതോടെ 2012 ഫെബ്രുവരിയില്‍ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളെല്ലാം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more