| Tuesday, 25th November 2014, 2:11 pm

'എന്തുകൊണ്ട് മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്തില്ല?' സി.ബി.ഐയോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തതിന് സി.ബി.ഐക്ക് പ്രത്യേക കോടതിയുടെ വിമര്‍ശനം. കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മുന്‍ പ്രധാനമന്ത്രിയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നു തോന്നിയില്ലേയെന്ന് കോടതി ചോദിച്ചു.

“അദ്ദേഹത്തിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് തോന്നിയില്ലേ? വ്യക്തമായ ചിത്രം ലഭിക്കാന്‍ അദ്ദേഹത്തിന്റെ മൊഴി അനിവാര്യമാണെന്ന് ചിന്തിച്ചില്ലേ?” കോടതി ചോദിച്ചു.

കല്‍ക്കരി മന്ത്രിയുടെ മൊഴി ലഭിക്കേണ്ട ആവശ്യകതയില്ലെന്ന് മനസിലായതിനാലാണ് മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാതിരുന്നതെന്ന് സി.ബി.ഐ മറുപടി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയതിരുന്നെന്നും അവര്‍ വ്യക്തമാക്കി.

മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

കേസ് ഡയറി ഉടന്‍ ഹാജരാക്കാന്‍ സി.ബി.ഐയ്ക്കു കോടതി നിര്‍ദേശം നല്‍കി. കേസ് ഡയറി മുദ്രവച്ച കവറില്‍ കൈമാറുമെന്ന് സി.ബി.ഐ അറിയിച്ചു. ഹിന്‍ഡാല്‍കോ മേധാവി കുമാരമംഗലം ബിര്‍ള ഉള്‍പ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി നാളത്തേക്കു മാറ്റി.

2005ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് ഒഡീഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്. തീരുമാനമുണ്ടായ കാലയളവില്‍ പ്രധാനമന്ത്രിക്കായിരുന്നു കല്‍ക്കരി മന്ത്രാലയത്തിന്റെയും ചുമതല.

കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പാടം അനുവദിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ബിര്‍ളയ്ക്കും പരേഖിനും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹിന്റാല്‍കോയ്്ക് കല്‍ക്കരിപ്പാടം അനുവദിക്കാനുള്ള തീരുമാനം ഒരു മാസത്തിനുള്ളില്‍ യാതൊരു കാരണവുമില്ലാതെ പരേഖ് നിരസിച്ചെന്നും സി.ബി.ഐ ആരോപിച്ചിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കുറ്റകരമായ ദുഷ്‌പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more