ഹാത്രാസ് കേസ് സി.ബി.ഐയ്ക്ക് വിട്ട് യോഗി സര്‍ക്കാര്‍; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ദളിത് ആക്റ്റിവിസ്റ്റുകള്‍
national news
ഹാത്രാസ് കേസ് സി.ബി.ഐയ്ക്ക് വിട്ട് യോഗി സര്‍ക്കാര്‍; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ദളിത് ആക്റ്റിവിസ്റ്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th October 2020, 7:59 am

ന്യൂദല്‍ഹി: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കും. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനമായത്.

യു.പി പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി വീട്ടുകാരുടെ സമ്മതം കൂടാതെ സംസ്‌കരിച്ചതും, ഹാത്രാസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടുതടങ്കിലാക്കിയതുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു.

എന്നാല്‍ യു.പി സര്‍ക്കാരിനും പൊലീസിനും എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അന്താരാഷ്ട്ര ഗൂഢാലോചനയെന്നാണ് യോഗി സര്‍ക്കാര്‍ പറഞ്ഞത്.

ആദ്യഘട്ടത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബലാത്സംഗം നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഈ കേസില്‍ സവര്‍ണ ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിവന്നിരുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം ഹാത്രാസ് കേസില്‍ സി.ബി.ഐ അന്വേഷണമല്ല വേണ്ടത് കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂ എന്ന് ദളിത് ആക്റ്റിവിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബം നിര്‍ദേശിക്കുന്ന രണ്ട് പേരെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു.

 

വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയതിനിടെയാണ് പെണ്‍കുട്ടിയെ ഠാക്കൂര്‍ വിഭാഗത്തില്‍പ്പെടുന്ന നാല് പേര്‍ ചേര്‍ന്ന് ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്. സെപ്തംബര്‍ 14നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സെപ്തംബര്‍ 29നാണ് മരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CBI Takes Over Hathras Probe From UP Police