| Thursday, 5th July 2012, 4:11 pm

ഉണ്ണിത്താന്‍ വധക്രമക്കേസ്: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ എ.എസ്.പി കെ. ജയകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡി.വൈ.എസ്.പിമാരായ അബ്ദുല്‍ റഷീദ്, സന്തോഷ് നായര്‍ എന്നിവരെ നാലും അഞ്ചും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്.  കേസിലെ മുഖ്യപ്രതികളായിരുന്ന ഹാപ്പി രാജേഷിന്റെ കൊലപാതകത്തില്‍ ഇപ്പോള്‍ ജയിലിലുള്ള ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദിന് പങ്കുള്ളതായും തെളിഞ്ഞിട്ടുണ്ട്. നാലാം പ്രതിയായ കണ്ടെയ്‌നര്‍ സന്തോഷിനെ മാപ്പുസാക്ഷിയാക്കാനാണ് സി.ബി.ഐയുടെ നീക്കം.

ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യമെന്ന നിലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഉണ്ണിത്താന്‍ കേസ് സി.ബി.ഐ ഏറ്റെടുത്ത് ആറുമാസം തികയുംമുമ്പാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 16ന് രാത്രി ജോലികഴിഞ്ഞ് കൊല്ലത്ത് നിന്ന് ശാസ്താംകോട്ടയിലെത്തി ബൈക്കില്‍ വീട്ടിലേക്ക് പോകാനൊരുങ്ങവെയാണ് ഉണ്ണിത്താന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കൂടുതല്‍ പൊലീസ് ഓഫീസര്‍മാരുടെ പങ്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കൊല്ലം ആദ്യം കേസ് സി.ബി.ഐ ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഡിവൈ.എസ്.പി സന്തോഷ്‌നായരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആസൂത്രകരില്‍ പ്രധാനിയായ ഡിവൈ.എസ്.പി എന്‍.എ. റഷീദിനെ കേസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഒഴിവാക്കുകയായിരുന്നു.

കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ ഉണ്ണിത്താന്‍ വധശ്രമക്കേസിന്റെ ആസൂത്രണത്തില്‍ ഡിവൈ.എസ്.പി റഷീദിനുള്ള പങ്ക് വ്യക്തമായി. ഇതിനാവശ്യമായ തെളിവുകള്‍ ശേഖരിച്ചശേഷം ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് റഷീദിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി സി.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞ റഷീദ് ഇപ്പോള്‍ കൊല്ലം ജില്ലാ ജയിലിലാണ്.

We use cookies to give you the best possible experience. Learn more