മദ്യനയക്കേസ്: മനീഷ് സിസോദിയക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ
national news
മദ്യനയക്കേസ്: മനീഷ് സിസോദിയക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2023, 5:49 pm

ന്യൂദല്‍ഹി: ദല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

ദല്‍ഹി മദ്യനയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഭാരത് രാഷ്ട്രസമിതി നേതാവ് കെ.കവിതയുടെ ഓഡിറ്റര്‍ ബുച്ചി ബാബു, അര്‍ജുന്‍ പാണ്ഡെ, അമന്‍ദീപ് ധാല്‍ എന്നിവരും കുറ്റപത്രത്തില്‍ പ്രതികളാണ്.

ദല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേ ഐ.പി.സി 120 ബി, 201, 420 എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ഫെബ്രുവരി 26നാണ് മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ സിസോദിയയുടെ അടുപ്പക്കാര്‍ മദ്യ വ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങി എന്നാണ് കേസ്. തുടര്‍ന്നാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചത്.

അതേസമയം സിസോദിയയുടെ അറസ്റ്റില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നു.

CONTENT HIGHLIGHTS: CBI SUBMIT CASESHEET AGAINST MANEES SISODIA