| Thursday, 21st December 2017, 6:41 pm

ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പ്രത്യേക ഹര്‍ജിയില്‍ പറഞ്ഞു. എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയിലാണ് പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പറഞ്ഞിരിക്കുന്നത്.

പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവ്‌ലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ പങ്കാളികളാണെന്നും ഇവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കുമെന്നാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ പറഞ്ഞിരിക്കുന്നത്. ചില വ്യക്തികളെ ലാവലിന്‍ കേസില്‍ തെരഞ്ഞ് പിടിച്ച് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന ഹൈക്കോടതി വാദം തെറ്റാണെന്നും സി.ബി.ഐ അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ കഴിഞ്ഞദിവസം മൂന്ന് വാള്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവ് ഉണ്ടെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇടക്കാല നടപടിയായി ലാവലിന്‍ കേസിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സിബിഐ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.

157 പേജ് ദൈര്‍ഘ്യമുള്ള ആദ്യ വാല്യത്തിലെ 134 മുതല്‍ 154 പേജ് വരെയാണ് പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജസെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടിക്കയില്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നത്. പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞദിവസം കേസില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരനും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അഴിമതിക്കേസില്‍ വിചാരണ ചെയ്യാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെയായിരുന്നു സുധീരന്‍ സുപ്രിംകോടതിയെ സമീപിച്ചത്. കെ.എസ്.ഇബി മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസറും കേസിലെ രണ്ടാം പ്രതിയുമായ കെ.ജി രാജശേഖരനും വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more