സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന സി.ബി.ഐ
Daily News
സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th June 2014, 6:12 pm

[] കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി, കടകംപള്ളി ഭൂമിത്തട്ടിപ്പ് കേസുകളില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഉപഹരജിയിലാണ് സി.ബി.ഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അന്വേഷണത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നും ഉപഹര്‍ജിയില്‍ സി.ബി.ഐ ആരോപിക്കുന്നു. അന്വേഷണത്തിന് പോലീസ് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

കേസ് അന്വേഷണത്തിന് വേണ്ട സഹകരണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ സി.ബി.ഐ ആവശ്യപ്പെടുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഭൂമിതട്ടിപ്പ് കേസിന്റെ അന്വേഷണം ഏറ്റെടുത്തതെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. രണ്ട് അന്വേഷണ സംഘങ്ങള്‍ രൂപവത്കരിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കുകയും ചെയ്‌തെന്നും സി.ബി.ഐ വ്യക്തമാക്കി.

കടകംപള്ളി, കളമശേരി ഭൂമിതട്ടിപ്പ് കേസുകളുടെ അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ സര്‍ക്കാരിന്റെ നിസ്സഹകരണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു.