| Tuesday, 10th December 2013, 1:17 pm

സ്വര്‍ണ്ണക്കള്ളക്കടത്ത്: നടി മൈഥിലിക്ക് സി.ബി.ഐയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി മൈഥിലിക്ക് സി.ബി.ഐ നോട്ടീസ് അയച്ചു. ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സി.ബി.ഐ അറിയിച്ചിരിക്കുന്നത്.

മൈഥിലിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

ഫയാസ് ഉപയോഗിച്ച ഒരു ഫാന്‍സി മൊബൈല്‍ നമ്പര്‍ പിന്നീട് മൈഥിലി ഉപയോഗിച്ചിരുന്നുവെന്നും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് മൈഥിലിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

അതേസമയം ഫയാസ് തന്റെ സുഹൃത്തു മാത്രമാണെന്നും ഫയാസിന്റെ കുടുംബവുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും മൈഥിലി പ്രതികരിച്ചു. തന്റെയും ഫയാസിന്റെയും പൊതുസുഹൃത്തു വഴിയാണ് ഫയാസിനെ പരിചയപ്പെട്ടത്.

ഫയാസുമായുള്ള സൗഹൃദത്തിന്റെ പുറത്ത് ലഭിച്ച സിം കാര്‍ഡ് ആണതെന്നും അതിലുപരി മറ്റൊന്നുമില്ലെന്നും മൈഥിലി പറഞ്ഞു.

അന്വേഷണത്തെക്കുറിച്ച് പേടിയില്ല. ശ്രവ്യ ഫയാസിന്റെ ഗേള്‍ഫ്രണ്ട് ആണെന്ന് അറിഞ്ഞത് ഇപ്പോള്‍ മാത്രമാണ്. പുതിയ നമ്പര്‍ എടുത്തതിന് ശേഷം ഒരു വര്‍ഷത്തിലേറെയായി ഫയാസിനെ വിളിക്കാറില്ലായിരുന്നുവെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.

ഫയാസിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത തെന്നിന്ത്യന്‍ മോഡല്‍ ആയ ശ്രവ്യ സുധാകറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ തന്നെ ഫയാസിന് പരിചയപ്പെടുത്തിയത് ഒരു പ്രമുഖ നടിയാണെന്ന് ശ്രവ്യ വെളിപ്പെടുത്തിയിരുന്നു.

ഫയാസ് തന്റെ ബോയ്ഫ്രണ്ട് ആണെന്നും സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചുവെന്നും ശ്രവ്യ വെളിപ്പെടുത്തിയിരുന്നു. ഫയാസിന്റെ സ്വര്‍ണ്ണക്കടത്ത ബന്ധങ്ങള്‍ അറിയാതെയാണ് അടുത്തതെന്നും ശ്രവ്യ അന്വേഷണ സംഘത്തിന് മുമ്പില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ച്ചയായി രണ്ടാംദിവസവും ശ്രവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. മൈഥിലിക്ക് പുറമെ സീരിയല്‍ താരം ചിപ്പിയുടെ പേരും ഉയര്‍ന്നുവരുന്നുണ്ട്.

ശ്രവ്യക്ക് തൊട്ടുപിന്നാലെ മൈഥിലിയെയും അറസ്റ്റ് ചെയ്യുന്നതോടെ ഫയാസിന്റെ കൂടുതല്‍ സിനിമാ ബന്ധങ്ങള്‍ വെളിച്ചത്തുവരികയാണ്.

We use cookies to give you the best possible experience. Learn more