മലയാളത്തിലെ കള്‍ട്ട് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ സിനിമകളില്‍ മുന്‍പന്തിയിലുള്ളവയാണ് മമ്മൂട്ടി- കെ. മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി.ബി.ഐ സീരീസുകള്‍.
സീരീസിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യരുടെ കഥാപാത്രത്തോളം തന്നെ ശ്രദ്ധ നേടിയ ഒന്നായിരുന്നു നടന്‍ സുകുമാരന്‍ അവതരിപ്പിച്ച ഡി.വൈ.എസ്.പി ദേവദാസ്.
പിന്നീട് സേതുരാമയ്യര്‍ സി.ബി.ഐയില്‍ ഡി.വൈ.എസ്.പി ദേവദാസിന്റെ മകനായി ഡി.വൈ.എസ്.പി സത്യദാസിന്റെ വേഷത്തില്‍ തിളങ്ങിയത് നടന്‍ സായ്കുമാറായിരുന്നു. ഇനി പുറത്തിറങ്ങാനിരിക്കുന്ന സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിലും ഇതേ കഥാപാത്രത്തെ സായ്കുമാര്‍ അവതരിപ്പിക്കുന്നുണ്ട്.
സേതുരാമയ്യര്‍ സി.ബി.ഐയില്‍ സുകുമാരന്‍ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാനാണ് താന്‍ ആദ്യം എത്തിയിരുന്നതെന്നാണ് സായ്കുമാര്‍ പറയുന്നത്. പിന്നീട് സത്യദാസ് എന്ന മകന്‍ കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും സുകുമാരന്റെ അഭിനയത്തെക്കുറിച്ച് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി പറഞ്ഞിനെക്കുറിച്ചും സംസാരിക്കുകയാണ് കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സായ്കുമാര്‍.
”സത്യദാസ് എന്ന കഥാപാത്രത്തെ തന്നെയാണ് അഞ്ചാം ഭാഗത്തിലും അവതരിപ്പിക്കുന്നത്.
അന്ന് സേതുരാമയ്യര്‍ സി.ബി.ഐയില്‍ ഒരു പൊലീസ് ഓഫീസര്‍ കഥാപാത്രമാണ് എന്ന് മാത്രമേ എന്റെയടുത്ത് പറഞ്ഞുള്ളൂ. ഞാന്‍ ലൊക്കേഷനില്‍ ചെന്നപ്പോഴാണ് അത് സുകുവേട്ടന്‍ ചെയ്ത വേഷമാണ് എന്ന് അറിയുന്നത്.
ആണെങ്കില്‍ ഞാന്‍ ആ ഏരിയയിലേക്കേ പോകില്ലായിരുന്നു. കാരണം അങ്ങേര് അടിച്ച് പൊക്കി വെച്ചിരിക്കുന്ന സാധനമാണ് അത്.
പിന്നെ, സുകുവേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. രാജുവിന്റെ മൂത്ത ഒരുത്തന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന രീതിയിലായിരിക്കും സുകുവേട്ടന്‍ എന്നെ കണ്ടതും, എന്നാണ് എനിക്ക് തോന്നുന്നത്.
അല്ലെങ്കില്‍ ഒരു അനിയനെ പോലെ ആയിരിക്കും എന്നെ കണ്ടിട്ടുണ്ടാവുക. കാരണം, മല്ലിക ചേച്ചിയും സുകുവേട്ടനും ഉള്ള മുറിയില്‍ ഏത് സമയത്തും കയറിച്ചെല്ലാനും തിരുവനന്തപുരത്തെ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ടായിരുന്നു.
ഒരുപാട് സ്‌നേഹം എനിക്ക് തന്ന ഒരാളാണ് സുകുവേട്ടന്‍.
അങ്ങനെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ സുകുമാരന്‍ ചെയ്ത വേഷത്തിന്റെ സാധനമാണ്, എന്ന് മധുചേട്ടന്‍ എന്നോട് പറഞ്ഞു. ചുമ്മാ നമ്മളെ ആക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്.
സത്യമാടാ, അനിയന്റെ കഥാപാത്രമാണ് എന്ന് സ്വാമി പറഞ്ഞു. ഹേ, അതെങ്ങനെ ശരിയാകും, എന്ന് ഞാന്‍ ചോദിച്ചു.
എന്തോന്ന് സ്വാമീ ഇത്, അവസാനം ഇത് വലിയ പ്രശ്‌നമാകും. എന്ന് ഞാന്‍ പറഞ്ഞു.
സ്വാമീ, സുകുവേട്ടന് വേണ്ടി, അദ്ദേഹം പറയുന്ന പോലെ സ്വാമി ഡയലോഗ് എഴുതുമായിരുന്നോ, എന്ന് ഞാന്‍ ചോദിച്ചു. ‘എവിടന്ന്, ഞാന്‍ എഴുതി വെക്കും. അവന്‍ അവന്റെ ഇഷ്ടം പോലെ അങ്ങ് കേറി പറയും, അത്രേയുള്ളൂ,’ എന്ന് സ്വാമി പറഞ്ഞു.
സുകുവേട്ടന്റെ പ്രസന്റേഷനും നടത്തവും നോട്ടവുമൊക്കെ വല്ലാത്ത ഒരു മീറ്ററാണ്. പേടിയായിരുന്നു അത് ചെയ്യാന്‍,” സായ്കുമാര്‍ പറഞ്ഞു.
സി.ബി.ഐ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ജഗതി ശ്രീകുമാറും സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തിരുന്നു.
ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍.
Content Highlight: CBI Scriptwriter SN Swamy about Sukumaran- SaiKumar says