| Friday, 30th July 2021, 11:58 am

ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നില്‍ പാകിസ്ഥാനെന്ന് സംശയം; ക്രയോജനിക് വിദ്യ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ ആണെന്ന് സംശയമുള്ളതായി സി.ബി.ഐ. ചാരക്കേസോടെ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ പദ്ധതി വൈകിയെന്നും ഇതിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്നാണ് കരുതുന്നതെന്നും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.

വിദേശ ശക്തികള്‍ക്ക് വേണ്ടിയാണ് ഐ.എസ്.ആര്‍.ഒയിലെ രണ്ട് ശാസ്ത്രജ്ഞരെ ചാരക്കേസില്‍ കുടുക്കിയതെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു.

ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിന് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ആര്‍.ബി. ശ്രീകുമാര്‍ നല്‍കിയ ഹരജിയുടെ വാദത്തിനിടെയാണ് സി.ബി.ഐ നിലപാട് അറിയിച്ചത്.

‘വിദേശ ശക്തികളുടെ സാന്നിധ്യത്തിലാണ് ഇത് നടന്നിട്ടുള്ളത്. രാജ്യത്തെ രണ്ട് സമുന്നത ശാസ്ത്രജ്ഞന്മാരെ കള്ളക്കേസില്‍ക്കുടുക്കിയത് ഐ.എസ്.ഐക്ക് വേണ്ടിയാണെന്ന് സംശയമുണ്ട്. ക്രയോജനിക് പദ്ധതി അവതാളത്തിലാക്കുക എന്ന ലക്ഷ്യം കേസ് രജിസ്റ്റര്‍ ചെയ്തതോടെ തന്നെ അവര്‍ നേടി.

ചാരക്കേസ് ഇല്ലാതിരുന്നെങ്കില്‍ 20 വര്‍ഷം മുമ്പ് തന്നെ ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുമായിരുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട ശാസ്ത്രജ്ഞരെ അറസ്റ്റ് ചെയ്ത് അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തു,’ എസ്.വി. രാജു പറഞ്ഞു.

ഗൂഢാലോചനയില്‍ ശ്രീകുമാര്‍ പങ്കാളിയാണെന്നും നമ്പി നാരായണനെ ചോദ്യം ചെയ്ത ശ്രീകുമാര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു. ശ്രീകുമാറിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CBI says ISRO spy case behest of Pakistan says at court

We use cookies to give you the best possible experience. Learn more