കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ ആണെന്ന് സംശയമുള്ളതായി സി.ബി.ഐ. ചാരക്കേസോടെ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ പദ്ധതി വൈകിയെന്നും ഇതിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്നാണ് കരുതുന്നതെന്നും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
വിദേശ ശക്തികള്‍ക്ക് വേണ്ടിയാണ് ഐ.എസ്.ആര്‍.ഒയിലെ രണ്ട് ശാസ്ത്രജ്ഞരെ ചാരക്കേസില്‍ കുടുക്കിയതെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു.
ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിന് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ആര്‍.ബി. ശ്രീകുമാര്‍ നല്‍കിയ ഹരജിയുടെ വാദത്തിനിടെയാണ് സി.ബി.ഐ നിലപാട് അറിയിച്ചത്.
‘വിദേശ ശക്തികളുടെ സാന്നിധ്യത്തിലാണ് ഇത് നടന്നിട്ടുള്ളത്. രാജ്യത്തെ രണ്ട് സമുന്നത ശാസ്ത്രജ്ഞന്മാരെ കള്ളക്കേസില്‍ക്കുടുക്കിയത് ഐ.എസ്.ഐക്ക് വേണ്ടിയാണെന്ന് സംശയമുണ്ട്. ക്രയോജനിക് പദ്ധതി അവതാളത്തിലാക്കുക എന്ന ലക്ഷ്യം കേസ് രജിസ്റ്റര്‍ ചെയ്തതോടെ തന്നെ അവര്‍ നേടി.