തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്ന സി.ബി.ഐ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി. ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്.
കേസിൽ ഉമ്മൻ ചാണ്ടി കുറ്റവിമുക്തനാണെന്ന് തെളിയിക്കുന്ന റിപ്പോർട്ട് നേരത്തെ സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ഇതിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
പരാതിക്കാരി ജയിലിൽ കഴിയുന്ന സമയത്ത് എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല എന്നും പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തി. തന്റെ സഹായിയെ വിട്ട് കത്ത് കൈവശപ്പെടുത്തിയ ഗണേഷ് കുമാർ പേര് എഴുതിച്ചേർത്തെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്. ശരണ്യ മനോജ് നൽകിയ മൊഴിയിലും ഈ കാര്യം ശരി വെക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേസ് സി.ബി.ഐക്ക് വിടുക എന്ന ലക്ഷ്യത്തോടെ പീഡനക്കേസുമായി മുന്നോട്ട് പോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാൾ ആണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് അംഗീകരിച്ചിരുന്നു.
ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ സാക്ഷി പറയണമെന്ന് പി.സി. ജോർജിനോട് ആവശ്യപ്പെട്ടിരുന്നു എന്നും എന്നാൽ മൊഴി നൽകിയപ്പോൾ ഈ കാര്യം അദ്ദേഹം നിരസിച്ചു എന്നും റിപ്പോർട്ടിലുണ്ട്.
Content Highlight: Solar case: CBI report details plot to trap Oomen Chandy and Ganesh Kumar’s role.